ന്യൂഡല്‍ഹി: എല്ലാം വര്‍ഗീയ കാഴ്ചപ്പാടോടെ കാണിക്കുന്ന ചില മാധ്യമങ്ങള്‍ ആത്യന്തികമായി രാജ്യത്തിനാണ് ചീത്തപ്പേരുണ്ടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ കേന്ദ്ര സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. ഇത്തരം വാർത്തകൾക്ക് തടയിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെബ്സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും വരുന്ന വ്യാജ വാര്‍ത്തകളില്‍ സുപ്രീംകോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. വെബ് പോര്‍ട്ടലുകള്‍ക്കും യൂടൂബ് ചാനലുകള്‍ക്കും ഒരു ഉത്തരവാദിത്തമില്ലെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ശക്തമായ ശബ്ദങ്ങള്‍ മാത്രമേ വെബ് പോര്‍ട്ടലുകള്‍ ശ്രദ്ധിക്കുന്നുള്ളൂ. ഒരു ഉത്തരവാദിത്തവുമില്ലാതെ ജഡ്ജിമാര്‍ക്കും (ഭരണഘടന) സ്ഥാപനങ്ങള്‍ക്കുമെതിരെ എന്തും എഴുതുകയാണ്. ശക്തരെ മാത്രമാണ് അവര്‍ക്ക് ഭയം. ജഡ്ജിമാരെയോ സ്ഥാപനങ്ങളെയോ സാധാരണ ജനങ്ങളെയോ പേടിയില്ല. യൂടുബില്‍ പോയി നോക്കിയാല്‍ ഒരുമിനിറ്റിനകം അറിയാം എങ്ങനെയാണ് വ്യാജ വാര്‍ത്ത പരക്കുന്നതെന്ന്. ആര്‍ക്കും യൂടുബില്‍ ചാനല്‍ തുടങ്ങാം. വെബ് പോര്‍ട്ടലുകള്‍ക്കെതിരെ എന്തെങ്കിലും നടപടി എടുത്തതായി ഇതുവരെ കണ്ടിട്ടില്ല.
നന്നെചുരുങ്ങിയത് നാഷനല്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി(എന്‍.ബി.എസ്.എ) കോടതിയോട് പ്രതികരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വെബ്സൈറ്റുകളെയും ടി.വി ചാനലുകളെയും നിയന്ത്രിക്കുന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി ചോദ്യം ചെയ്തു. വര്‍ഗീയ വാര്‍ത്തകള്‍ മാത്രമല്ല, നട്ടുപിടിപ്പിച്ച വാര്ത്തകളുമുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിന്റെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസിനെ ബോധിപ്പിച്ചു.
എന്നാൽ ഐ .ടി ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികളില്‍നിന്ന് കേരള ഹൈകോടതി തങ്ങള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് എന്‍.ബി.എസ്.എ അഭിഭാഷകന് ബോധിപ്പിച്ചു. പുതിയ ഐ.ടി ചട്ടങ്ങള്‍ക്ക് എതിരെ വിവിധ ഹൈകോടതികളില്‍ സമര്‍പ്പിച്ച ഹരജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് എസ്.ജി ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി കേസ് ആറാഴ്ചത്തേക്ക് മാറ്റി.
Post Your Comments