ThiruvananthapuramKeralaLatest NewsNews

പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്തണം, പ്രവൃത്തി ദിനം 5 ആക്കി കുറയ്ക്കണം: ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ

പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 ആക്കി ദീര്‍ഘിപ്പിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ. 56 വയസില്‍ നിന്ന് 57 ആക്കി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇത് സൂചിപ്പിച്ചിട്ടുള്ളത്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ 5 ആക്കി കുറച്ച് ജോലി സമയം ദീര്‍ഘിപ്പിക്കണമെന്നും ശുപാര്‍ശ. നിലവില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് ജീവനക്കാരുടെ ജോലി സമയം. ഉച്ചയ്ക്ക് 1.15 മുതല്‍ 2 വരെ ഇടവേളയാണ്. ശനിയാഴ്ചയിലെ പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിന് പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 ആക്കി ദീര്‍ഘിപ്പിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പട്ടിക വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20 ശതമാനം ആ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. വര്‍ഷത്തിലെ അവധി ദിനങ്ങള്‍ 12 ആക്കി കുറയ്ക്കണം. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. ഓരോ വകുപ്പും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍ കണ്ടെത്തണം. വര്‍ക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥര്‍ക്ക് മാറിമാറി അവസരം നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിന് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ മാനേജ്മെന്റ്, യൂണിവേഴ്സിറ്റി, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടാവണം. നിയമനത്തിനായുള്ള അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകര്‍ത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ വിരമിച്ച ജസ്റ്റിസിനെയാണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടതെന്നും ശുപാര്‍ശയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button