Latest NewsUSANewsInternational

50 വര്‍ഷത്തിനിടെ ഇങ്ങനെയൊരു മഴ ആദ്യം: ന്യൂയോര്‍ക്കില്‍ പേമാരി, മരണം 41 കടന്നു

നൂറ് കണക്കിന് വിമാനങ്ങള്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി

ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ന്യയോര്‍ക്കില്‍ മരണപ്പെട്ടവരുടെ എണ്ണം 41 കടന്നു. 50 വര്‍ഷത്തിനിടെ ആദ്യമായാണ് ന്യൂയോര്‍ക്കില്‍ കനത്ത മഴ പെയ്യുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. നൂറ് കണക്കിന് വിമാനങ്ങള്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി. ന്യൂ ജേഴ്സി, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട പല റോഡുകളും അടച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാറുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയ നിരവധിപേരെ രക്ഷാപ്രവര്‍ത്തകരെത്തിയാണ് പുറത്തെത്തിച്ചത്. വെള്ളപ്പൊക്കം തടയാന്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ഡ്രൈനേജ് സംവിധാനത്തിന്റെ പണി നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത പ്രളയം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ മേയര്‍ ബില്‍ ദേ ബ്ലാസിയോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ന്യൂജേഴ്സിയില്‍ 23 പേര്‍ മരണപ്പെട്ടതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ഇതില്‍ കൂടുതല്‍ പേരും വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയവരാണ്. രണ്ട് സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറിത്താമസിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കനത്ത മഴയും കൊടുങ്കാറ്റും കാരണം പെന്‍സില്‍വാനിയയില്‍ 98000, ന്യൂയോര്‍ക്കില്‍ 40,000 ന്യൂജേഴ്സിയില്‍ 60,000 വീടുകളില്‍ വീതം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ലൂസിയാനയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാപകനാശനഷ്ടമുണ്ടായി. കാലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button