തിരുവനന്തപുരം: ആനി രാജയ്ക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ രംഗത്ത്. കേരള പോലീസിൽ ആർ എസ് എസ് സാന്നിധ്യമെന്ന ആരോപണത്തിനെതിരെയാണ് കുമ്മനത്തിന്റെ മറുപടി. രാജയുടെ പാര്‍ട്ടിയിൽ നിന്ന് നാലു മന്ത്രിമാര്‍ സര്‍ക്കാരിലുണ്ട്, സ്ത്രീ സുരക്ഷയില്ലാത്തതിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നാണ് കുമ്മനം പറഞ്ഞത്.
‘സ്ത്രീ സുരക്ഷയില്ലാത്തതിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. അതിന് ആര്‍എസ്‌എസിന്റെ പേര് വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ല. ആനി രാജ വെറുതേ ആരോപണം ഉന്നയിക്കുകയല്ല വേണ്ടത്. കേരളത്തില്‍ ഒരു പോലീസ് സ്റ്റേഷനില്‍ നിന്നു പോലും സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. സ്ത്രീകള്‍ക്കു നേരേയുള്ള പീഡനങ്ങളും ആക്രമണങ്ങളും കേരളത്തില്‍ പെരുകുകയാണെ’ന്നും കുമ്മനം വിമർശിച്ചു.
‘സ്ത്രീ പീഡനങ്ങളും കൊവിഡ് കേസുകളും പെരുകുന്നത് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു കൊണ്ടാണെന്ന വിചിത്രമായ വാദമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. യുപിയെയും ഗുജറാത്തിനെയുമൊക്കെ എന്തിനും ഏതിനും കുറ്റപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ എങ്ങനെ കൊവിഡിനെ നിയന്ത്രണവിധേയമാക്കി എന്ന് പഠനം നടത്തണം. മൂന്നാം തരംഗമുണ്ടാകും, ജാഗ്രത പുലര്‍ത്തണമെന്നു പറയുന്ന സര്‍ക്കാര്‍ ഇതിനെ നേരിടാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ധവളപത്രം പുറത്തിറക്കാന്‍ തയാറുണ്ടോയെന്നും കുമ്മനം ചോദിച്ചു.
അതേസമയം, സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ യാതൊരു നടപടിയും കേരള പോലീസ് സ്വീകരിക്കാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
Post Your Comments