CinemaMollywoodLatest NewsKeralaNewsEntertainmentവിനോദം

അശ്വതിക്ക് ഇത് ഇരട്ടി മധുരത്തിന്റെ ദിനം, കുഞ്ഞു ജനിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും

ചക്കപ്പഴം പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ രണ്ടാമത്തെ കണ്‍മണി പിറന്നതിന്റെ സന്തോഷത്തിലായിരുന്ന അശ്വതി ശ്രീകാന്തിന് ഇത് ഇരട്ടി മധുരത്തിന്റെ ദിനം. അവതാരകയായി മലയാളി മനം കീഴടക്കിയ അശ്വതി ഇതാ മികച്ച നടിക്കുള്ള 29-ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയിരിക്കുകയാണ്. അവതാരകയായിട്ടാണ് മിനിസ്‌ക്രീനില്‍ എത്തിയതെങ്കിലും ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയ രംഗത്തേക്കും കടന്നത്. ചക്കപ്പഴം പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതിയെ ആദ്യം തേടിയെത്തിയ സന്തോഷവാര്‍ത്ത രണ്ടാമത്തെ കുഞ്ഞിന്റെ ജനനമായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള അവാര്‍ഡ് അശ്വതി സ്വന്തമാക്കിയപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം ശിവജി ഗുരുവായൂരും നേടി.

അതേസമയം ഈ വര്‍ഷം മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങളില്ല. കുടുംബപ്രേക്ഷകര്‍ കൂടുതലായി ആശ്രയിക്കുന്ന ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതായി ജൂറി വിലയിരുത്തി. ജൂറിക്ക് മുമ്പിലെത്തിയ ഭൂരിഭാഗം എന്‍ട്രികളും അവാര്‍ഡിന് പരിഗണിക്കാന്‍ പോലും നിലവാരമില്ലാത്തതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ടെലിവിഷന്‍ പരമ്പരകളും കോമഡി പരിപാടികളും അവതരിപ്പിക്കുന്ന ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്ന് എന്‍ട്രികള്‍ വിലയിരുത്തികൊണ്ട് ജൂറി വ്യക്തമാക്കി.

സംവിധായകന്‍ ആര്‍. ശരത് ചെയര്‍മാനായ ജൂറിയാണ് കഥാവിഭാഗം പുരസ്‌കാരം നിര്‍ണ്ണയിച്ചത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്, നടി ലെന, സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് പൊതുവാള്‍, സംവിധായകന്‍ ജിത്തു കോളയാട് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയും അംഗമായിരുന്നു. അതേസമയം, ഇത്തവണ പ്രത്യേക ജൂറി പരാമര്‍ശം ഉള്‍പ്പെടടെ 49 പേരാണ് അവാര്‍ഡിന് അര്‍ഹരരായത്. കഥാവിഭാഗത്തില്‍ 21 കാറ്റഗറികളിലായി ഇരുപത് പേരും കഥേതര വിഭാഗത്തില്‍ 18 കാറ്റഗറികളിലായി 28 പേരും പുരസ്‌കാരം നേടി. രചനാവിഭാഗത്തില്‍ മികച്ച ലേഖനത്തിനുള്ള പുരസ്‌കാരം മാത്രമാണ് നല്‍കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button