കാബൂള്‍: രണ്ടാം താലിബാന്റെ ക്രൂരതയുടെ മുഖം ഒന്നൊന്നായി പുറത്ത് വന്ന് തുടങ്ങി. അഫ്ഗാനിസ്ഥാനിലെ ബഗ് ലന്‍ പ്രവിശ്യയില്‍ ഗായകനായ ഫവാദ് അന്‍ദരാബിയെ താലിബാന്‍ വെടിവച്ചുകൊന്നു. പലതവണയായി വീട്ടില്‍ കയറി ഇറങ്ങിയ താലിബാന്‍ നേതാക്കള്‍ അദ്ദേഹത്തെ തേടിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുന്‍പും താലിബാന്‍കാര്‍ ഇദ്ദേഹത്തെ തിരക്കി വീട്ടിലെത്തിയിട്ടുണ്ടെന്ന് മകന്‍ ജവാദ് പറഞ്ഞു. ഐക്യരാഷ്ട്രസംഘടനയും ആംനസ്റ്റി ഇന്റര്‍നാഷനലും കടുത്ത ആശങ്ക രേഖപ്പെടുത്തി.
രണ്ടാം വരവിലെ താലിബാന്‍ മാറിയിട്ടില്ലെന്നതിന്റെ തെളിവാണു സംഭവമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കല്ലാമാര്‍ഡ് ട്വീറ്റ് ചെയ്തു. അതേസമയം കഴിഞ്ഞ തവണ താലിബാന്‍ ഭരണത്തില്‍ സംഗീതം നിരോധിച്ചിരുന്നു. രണ്ടാം വരവിലും താലിബാന് സംഗീതത്തോട് വെറുപ്പാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതേസമയം, സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നു താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. രാജ്യത്തെ നാടോടി ഗായകരില്‍ പ്രമുഖനാണു ഫവാദ്. രാജ്യത്തെയും ജനങ്ങളെയും സവിശേഷതകളെയും പുകഴ്‌ത്തുന്ന ഗാനങ്ങളാണ് ഫവാദ് ഏറെയും പാടിയിട്ടുള്ളത്. കാബൂളില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്കുള്ള പ്രവിശ്യയിലെ ഈ സ്ഥലം അന്‍ദരാബി താഴ് വര എന്നാണ് അറിയപ്പെടുന്നത്.
Post Your Comments