മൈസൂരു: മൈസൂരുവിലെ ചാമുണ്ഡിക്കുന്നില്‍ ആക്രമിക്കപ്പെട്ടത് നിരവധി യുവതികളെന്നു സൂചന. മൈസൂരു പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇതേ സംഘം തന്നെ പല യുവതികളെയും സമാനമായ രീതിയില്‍ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന വിവരമാണ് പ്രതികളില്‍നിന്നു ലഭിച്ചിരിക്കുന്നത്. അഞ്ചു പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഒരാളെകൂടി പിടികിട്ടാനുണ്ട്. പതിവായി മദ്യവും വാങ്ങി ചാമുണ്ഡി ഹില്‍സ് മേഖലയിലേക്ക് സംഘം എത്തുമായിരുന്നു.
പ്രണയജോഡികളെ ലക്ഷ്യമിട്ടാണ് ഇവര്‍ വരുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലോ ചരിവുകളിലോ എത്തുന്ന പ്രണയജോഡികളെയാണ് ഇവര്‍ നോട്ടമിട്ടിരുന്നത്. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടു കഴിഞ്ഞാല്‍ പണവും മറ്റും ആവശ്യപ്പെട്ടു സംഘം ഇവരെ സമീപിക്കും. പതുക്കെ ഇവരെ വളഞ്ഞുവച്ചു ശല്യം ചെയ്യാന്‍ തുടങ്ങും. പെണ്‍കുട്ടിയുടെ കൂടിയെത്തുന്ന യുവാവ് ഇതിനെ എതിര്‍ക്കുകയോ തടയുകയോ ചെയ്യും. ഇതോടെ അക്രമാസക്തരായി മാറുന്ന സംഘം യുവാവിനെ മര്‍ദിച്ച് അവശനാക്കും.
തുടര്‍ന്നു പെണ്‍കുട്ടിയെ കടന്നുപിടിക്കും. കൂടെയെത്തുന്ന യുവാക്കളുടെ കണ്മുന്നില് തന്നെയാണ് പെണ്‍കുട്ടികള്‍ ഇങ്ങനെ അതിക്രമത്തിന് ഇരയായി മാറുന്നത്. ക്രിമിനല്‍ സംഘത്തെ ഭയന്ന് ആരും ഈ പ്രദേശത്തേക്കുപോലും വരില്ല. പല പെണ്‍കുട്ടികളെയും ഇതുപോലെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെങ്കിലും നാണക്കേടും ഭീതിയുംമൂലം ആരും ഇക്കാര്യം പുറത്തുപറയാത്തതാണ് പ്രതികള്‍ക്കു ഇതുവരെ രക്ഷയായിരുന്നത്. വീട്ടുകാരും മറ്റും അറിയാതെയാവും പല പ്രണയജോടികളും ഇവിടെ കറങ്ങാന്‍ എത്തുന്നത്. അതുമൂലമാണ് മോശം അനുഭവങ്ങള്‍ നേരിട്ടാലും കമിതാക്കള്‍ പുറത്തുപറയാത്തത്.
സാധാരണ ഇവിടെയെത്തുന്ന പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം അവരുടെ കൈയിലുള്ള പണവും ആഭരണവുമൊക്കെ കൈവശപ്പെടുത്തിയിട്ടാണ് സംഘം പലപ്പോഴും കടന്നുകളയുക. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണി വേറെയും. മൈസൂരു സംഭവത്തിലും എന്താണ് സംഭവിച്ചതെന്ന് ആദ്യം കമിതാക്കള്‍ ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, പെണ്‍കുട്ടിയുടെ ശാരീരിക സ്ഥിതിയില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസില്‍ അറിയിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞതും സംഭവം മാധ്യമങ്ങളിലെത്തിയതും പ്രതികളെ പോലീസ് പിടിച്ചതും.
നഗരത്തിലെ സ്വകാര്യ കോളജില്‍ എംബിഎയ്ക്കു പഠിക്കുന്ന ഇരുപത്തിരണ്ടുകാരിയാണ് ചൊവ്വാഴ്ച വൈകുന്നേരം 7.30 ഓടെ ചാമുണ്ഡി ഹില്ലിനടുത്ത് ലളിതാദ്രിപുരയില് കൂട്ടമാനഭംഗത്തിനിരയായത്. സംഭവം നടന്ന ചൊവ്വാഴ്ച രാത്രി 7.30 മുതല്‍ ചാമുണ്ഡിഹില്‍ പ്രദേശത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍നിന്ന് 20 മൊബൈല്‍ നമ്പറുകള്‍ പോലീസ് ശേഖരിച്ചിരുന്നു.
ഈ നമ്പറുകളില്‍ നാലു മലയാളി വിദ്യാര്‍ഥികളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെട്ടിരുന്നു. ഇതോടെ ഇവരും അന്വേഷണ നിഴലിലായി. എന്നാല്‍, പിന്നീട് ഇവര്‍ക്കു സംഭവവുമായി ബന്ധമില്ലെന്നു വ്യക്തമായി. സംഭവം വലിയ വാര്‍ത്തയായതോടെ വന്‍ പോലീസ് സംഘമാണ് പ്രതികളെ പിടികൂടാന്‍ രംഗത്തിറങ്ങിയത്.
Post Your Comments