പാലക്കാട്: കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് എ.വി.ഗോപിനാഥ് പാർട്ടി വിട്ടു. കോൺഗ്രസിൽ നിന്നും രാജിവെയ്ക്കുകയാണെന്ന് പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ എ.വി.ഗോപിനാഥ് വ്യക്തമാക്കി. മാസങ്ങളായി ഇത് സംബന്ധിച്ച് ആലോചനയുണ്ടായിരുന്നുവെന്നും ചർച്ചകൾക്കും ആലോചനകൾക്കും ഒടുവിലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും ഗോപിനാഥ് വ്യക്തമാക്കി.
പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് താനൊരു തടസമാകാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെന്ന് എ.വി.ഗോപിനാഥ് പറഞ്ഞു.
ഞാൻ എവിടേക്ക് പോകുന്നുവെന്നതിൽ പലരും സംശയം പ്രകടിപ്പിക്കുന്നു. കോൺഗ്രസ് എന്ന പ്രസ്ഥാനം ഹൃദയത്തിൽ നിന്നും ഇറക്കിവയ്ക്കാൻ സമയമെടുക്കും. സാഹചര്യങ്ങൾ പഠിച്ച ശേഷം ഭാവിനടപടികൾ തീരുമാനിക്കും. ആരുടേയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകാൻ താനില്ലെന്നും എ.വി.ഗോപിനാഥ് പറഞ്ഞു. സി പി എമ്മിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
‘കോൺഗ്രസിൻ്റെ മുന്നോട്ടുള്ള യാത്രയിൽ ഞാൻ തടസ്സക്കാരനാണോ എന്ന സംശയമുണ്ടായിരുന്നു. ആ സംശയത്തിന് തീർപ്പുണ്ടാക്കുകയാണ്. നിരന്തര ചർച്ചകൾക്ക് ശേഷമാണ് താൻ ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇതാണ് തൻ്റെ അന്തിമ തീരുമാനം. കോൺഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും താൻ രാജിവച്ചതായി പ്രഖ്യാപിക്കുന്നു. ഈ നിമിഷം മുതൽ താൻ കോൺഗ്രസ്സുകാരനല്ലാതായിരിക്കുന്നു. ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ല. കോൺഗ്രസിനെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. വിശദമായ വിശകനലങ്ങൾക്കും ആലോചനകൾക്കും ശേഷം എൻ്റെ ഭാവി രാഷ്ട്രീയ നടപടി പ്രഖ്യാപിക്കും. ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ ഞാൻ പോകുന്നില്ല. എച്ചിൽ നക്കിയ ശീലം ഗോപിനാഥിൻ്റെ നിഘണ്ടുവിലില്ല. സി പി എം ഉൾപ്പടെ ഉള്ള പാർട്ടികളുമായി അയിത്തമില്ല’, അദ്ദേഹം വ്യക്തമാക്കി.
Post Your Comments