കൊച്ചി: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് പ്രതിസന്ധിഘട്ടത്തിലായ ദിലീപിനായി കെടാവിളക്ക് കത്തിച്ച ഒരമ്മയുടെ പ്രാർത്ഥനകളാണ്. ആ അമ്മ ഒരു ചാനലിന്റെ പരിപാടിയിൽ ദിലീപിന്റെ മുന്നിൽ കണ്ണീരോടെ ഇത് വ്യക്തമാക്കിയപ്പോൾ കണ്ണീരണിഞ്ഞു ദിലീപും കാണികളും. ഇത്രമാത്രം ചെയ്യാൻ ദിലീപ് ഇവർക്കായി എന്ത് ചെയ്തു എന്നായിരുന്നു പലരുടെയും ചിന്ത. അതും ആ അമ്മ തന്നെ വെളിപ്പെടുത്തി.
കുഴി കുത്തി മൂടാൻ തുടങ്ങിയ പെൺ കുഞ്ഞിനെ 200 രൂപ കൊടുത്ത് വാങ്ങി ജീവൻ രക്ഷിച്ച അമ്മയ്ക്ക് തുണയായി മാറിയത് പ്രിയ നടൻ ദിലീപ് ആയിരുന്നു. സംഭവം നടന്നത് 1996 ലായിരുന്നു. സഹോദരിയുടെ മകൾ പ്രസവിച്ചതറിഞ്ഞാണ് ഇന്ദിര എന്ന അമ്മ ആലപ്പുഴയിലെത്തിയത്. ആശുപത്രിയുടെ വാർഡിലേക്ക് നടക്കുമ്പോഴാണ് ജീവനക്കാരൻ ഒരു ബക്കറ്റും തൂക്കി വരുന്നത് കണ്ടത്. ബക്കറ്റിലേക്ക് നോക്കി ചിലർ മുഖം ചുളിക്കുന്നതും കണ്ടു. ഇന്ദിരയും നോക്കി. അപ്പോൾ ജീവനക്കാരൻ പറഞ്ഞു ഇത് ‘ചാപിള്ള’യാണ് എന്ന്.
എന്തോ ഉൾവിളി പോലെ ഇന്ദിര ജീവനക്കാരന്റെ പിന്നാലെ നടന്നു. കുഴികുത്തി കുഴിച്ചു മൂടാൻ തുടങ്ങിയ ആ മാംസ പിണ്ഡത്തിനെ ഇന്ദിര നോക്കി. കുഴിയിലേക്ക് വെച്ച കുഞ്ഞിന്റെ കാലുകളിൽ സ്പർശിച്ചപ്പോൾ ആ കുഞ്ഞിക്കാലുകൾ ചലിക്കുന്നത് ഇന്ദിര കണ്ടു. ഇതിനു ജീവനുണ്ട് എന്ന് ജീവനക്കാരനോട് ഇന്ദിര പറഞ്ഞു. ആ കുഞ്ഞിനെ തനിക്ക് തരാൻ ഇന്ദിര ആവശ്യപ്പെട്ടു. 1 കിലോ മാത്രമായിരുന്നു തൂക്കം. പൊക്കിൾ കൊടി പോലും മുറിച്ചിരുന്നില്ല. ജീവനക്കാരന് 200 രൂപ കൊടുത്ത അവർ കുഞ്ഞിനേയും കൊണ്ട് വിവിധ ആശുപത്രികളിൽ കയറിയിറങ്ങി.
വീട്ടിലും നല്ല സ്വീകരണമായിരുന്നില്ല. ഒടുവിൽ ഒരു ഓട്ടോക്കാരൻ കുഞ്ഞിനേയും ഇന്ദിരയെയും കൂട്ടി ശിശുരോഗ വിദഗ്ധന്റെ അടുത്തെത്തിച്ചു. മാസം തികയാത്ത കുഞ്ഞായിരുന്നു അത്. ഗർഭം നശിപ്പിക്കാൻ മരുന്നുകളും മറ്റും കഴിച്ചിരുന്നത് കൊണ്ട് കുഞ്ഞിന് വേണ്ടത്ര ആരോഗ്യമോ ഒന്നും ഉണ്ടായിരുന്നില്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ ആരംഭിക്കുകയും ചെയ്തു. ആദ്യത്തെ ദിവസം ഗ്ളൂക്കോസ് വെള്ളം മാത്രം നൽകി. പിന്നീട് 120 ദിവസങ്ങൾക്ക് ശേഷമാണ് വായിലൂടെ തുള്ളി തുള്ളിയായി വെള്ളം നൽകിയത്. ഒടുവിൽ ഇന്ദിരയുടെ ഭർത്താവും കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങി.
അവർ കുഞ്ഞിന് കീർത്തി എസ് കുറുപ്പ് എന്ന പേരും നൽകി. സന്തോഷകരമായ ദിനങ്ങൾ കടന്നു പോകവേ കീർത്തിക്ക് ശാരീരിക വൈകല്യങ്ങളുണ്ടെന്നു കണ്ടെത്തി. മറ്റെല്ലാ ഭാഗങ്ങളും കുഴപ്പമില്ലെങ്കിലും കാലുകൾക്കായിരുന്നു വൈകല്യം. മറ്റുകുഞ്ഞുങ്ങളെ പോലെ നടക്കാനായില്ല അവൾക്ക്. ഇതിനിടെ ഇന്ദിരയുടെ ഭർത്താവ് ക്യാൻസർ വന്ന് മരിക്കുക കൂടി ചെയ്തതോടെ ഇവരുടെ ജീവിതം പരിതാപകരമായി. 3 സെന്റ് സ്ഥലത്തിൽ ചെറിയ ഒരു പ്ലാസ്റ്റിക്ക് ഇട്ട കുടിലിൽ കഴിയുന്ന ഇന്ദിര ഒരു ചെറിയ മുറുക്കാൻ കടയും തുടങ്ങി.
ജീവിതം കഷ്ടത്തിൽ ഇഴഞ്ഞു നീങ്ങുമ്പോഴാണ് നടൻ ദിലീപ് ഇവരുടെ കാര്യങ്ങൾ അറിയുന്നതും ഇവർക്ക് ആ സ്ഥലത്ത് അടച്ചുറപ്പുള്ള ഒരു നല്ല വീട് വെച്ച് കൊടുക്കുന്നതും. ഈ വീട്ടിലാണ് അമ്മയും മകളും ഇന്നു കഴിയുന്നത്. അന്നുമുതൽ ഇവർ വീട്ടിൽ ദിലീപിനായി ഒരു കെടാവിളക്ക് കത്തിക്കുന്നുമുണ്ട്.
സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന അരം പ്ലസ് കിന്നരം എന്ന പരിപാടിയിൽ വർഷങ്ങൾക്കിപ്പുറം ഈ അമ്മയും മകളും എത്തിയപ്പോൾ ദിലീപും അതിഥിയായിരുന്നു. വേദിയിൽ വെച്ച് ഈ സംഭവം വെളിപ്പെടുത്തിയപ്പോൾ ദിലീപും കണ്ണീരണിഞ്ഞു. താരത്തിനെതിരെ നിരവധി വിമര്ശനങ്ങളുയരുമ്പോഴും ദിലീപ് ചെയ്ത ഇത്തരം നല്ല കാര്യങ്ങൾ അധികമാരും അറിയാറില്ല എന്നതാണ് വാസ്തവം.
Post Your Comments