ന്യൂഡല്‍ഹി: പ്രധാനമന്ത്രി ജന്‍ ധന് യോജന അക്കൗണ്ടുകളില്‍ നിക്ഷേപം 1.46 ലക്ഷം കോടി രൂപയായി. പദ്ധതി നടപ്പാക്കി ഏഴുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ 43 കോടി അക്കൗണ്ടുകളിലായാണ് ഒന്നര ലക്ഷം കോടിയോളം നിക്ഷേപം വര്‍ധിച്ചതെന്ന് ധനമന്ത്രാലയം അറിയിച്ചു. 2014 ആഗസ്റ്റ് 15നായിരുന്നു സാധരണക്കാരുടെ സാമ്പത്തിക ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ജന്‍ ധന് യോജന (പി.എം.ജെ.ഡി.വൈ) പദ്ധതി പ്രഖ്യാപിച്ചത്. 43.04 കോടി അക്കൗണ്ടുകളില്‍ 55.47 ശതമാനം അക്കൗണ്ട് ഉടമകളും വനിതകളാണ്. ഒപ്പം 66.69 ശതമാനം പേരും ഗ്രാമ- അര്‍ധനഗര േമഖലകളില്നിന്നുള്ളവരാണ്. പദ്ധതി പ്രഖ്യാപിച്ച ആദ്യ വര്‍ഷം 17 കോടി അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. 3,398 രൂപയാണ് അക്കൗണ്ടുകളിലെ ശരാശരി നിക്ഷേപം.
Read Also: കീറിപ്പോയ നോട്ട് കൈയ്യിലുണ്ടോ? വിഷമിക്കേണ്ട, നിങ്ങളുടെ പണം സുരക്ഷിതമാണ് – അറിയേണ്ടതെല്ലാം
‘റുപെ’ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണവും 31.23 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ വികസനത്തില്‍ ജന്‍ ധന് യോജന പദ്ധതിയുണ്ടാക്കിയ സ്വാധീനം ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ അനുസ്മരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ അന്തസ്സും പ്രതാപവും വര്‍ധിപ്പിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞതായും മോദി പറഞ്ഞു.
Post Your Comments