ന്യൂഡല്‍ഹി: ആസാദീ കെ അമൃത് മഹോത്സവ് എന്ന പേരില്‍ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ പോസ്റ്ററില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐ.സി.എച്ച്.ആര്‍). കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഐ.സി.എച്ച്.ആര്‍ ഡയറക്ടര്‍ ഓം ജീ ഉപാദ്ധ്യായ് നടപടിയെ ന്യായീകരിച്ചത്.
ഞങ്ങള്‍ ആരുടെയും പങ്കിനെ വിലയിടിച്ചു കാണിക്കുന്നില്ല. ഇതുപോലുള്ള നിരവധി പേജുകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സ്വാതന്ത്യ സമരത്തില്‍ മികച്ച സംഭാവന ചെയ്തിട്ടും പ്രാധാന്യം കുറച്ചു കാണിക്കപ്പെട്ട ആളുകളെ ഹൈലൈറ്റ് ചെയ്യാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്. സവര്‍ക്കര്‍ 10 വര്‍ഷം ജയിലിലായിരുന്നു, പക്ഷേ അദ്ദേഹം സ്മരിക്കപ്പെടുന്നില്ലെന്നും മനഃപൂർവ്വം തമസ്കരിക്കപ്പെടുന്നെന്നും ഓം ജീ ഉപാദ്ധ്യായ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ഐ.സി.എച്ച്.ആറിന്റെ നടപടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ എം.പിക്ക് സെലക്ടീവ് അംനീഷ്യയാണെന്ന് ബി.ജെ.പി പരിഹസിച്ചു. രാഷ്ട്ര നിര്‍മ്മാണത്തില്‍ നെഹ്‌റുവിന്റെ ശ്രമങ്ങളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം അദ്ദേഹം കേള്‍ക്കേണ്ടതായിരുന്നു. ഒരു പബ്ലിസിറ്റി മെറ്റീരിയലിലെ ഛായാചിത്രം മാത്രമാണ് ആ ആളുകളെ ഓര്‍മ്മിപ്പിക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തോന്നിയേക്കാമെന്നും ബി.ജെ.പി പറഞ്ഞു.
Post Your Comments