മുംബൈ : കൃഷിഭൂമിയില്‍ കഞ്ചാവ് നട്ടുവളര്‍ത്താനുള്ള അനുമതി തരണമെന്നാവശ്യപ്പെട്ട് കര്‍ഷകന്റെ അപേക്ഷ. മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നുള്ള അനില്‍ പാട്ടീല്‍ എന്ന കര്‍ഷകനാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്താന്‍ അനുമതിതേടി ജില്ലാഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. മാർക്കറ്റിൽ കഞ്ചാവിന് നല്ലവില ലഭിക്കുമെന്നും എന്നാല്‍ ഒരു കാര്‍ഷിക ഉത്പന്നത്തിനും നിശ്ചിതവിലയില്ലെന്നും അവകാശപ്പെട്ടുകൊണ്ടാണ് അദ്ദേഹം കത്തെഴുതിയിരിക്കുന്നത്. കത്ത് ജില്ലാ ഭരണകൂടം പോലീസിന് കൈമാറി.
ഒരു വിളയ്ക്കും നിശ്ചിതവില ഇല്ലെന്നും അതിനാല്‍ ബിസിനസ് നഷ്ടത്തിലാണെന്നും അനില്‍ കത്തിൽ പറയുന്നു. ഒരുവിളയ്ക്കും കൃഷിയിറക്കുന്നതിനുള്ള ചെലവ് പോലും തിരിച്ചുകിട്ടുന്നില്ല. എന്നാല്‍, കഞ്ചാവിന് മാര്‍ക്കറ്റില്‍ നല്ലവില കിട്ടുന്നുണ്ട്. അതുകൊണ്ട് തന്റെ രണ്ട് ഏക്കര്‍ ഭൂമിയില്‍ കഞ്ചാവ് കൃഷിചെയ്യാന്‍ അനുവദിക്കണം. സെപ്റ്റംബര്‍ 15-ഓടെ തന്റെ കൃഷിഭൂമിയില്‍ കഞ്ചാവ് നട്ടുവളര്‍ത്താനുള്ള അനുമതി തരണം എന്നാണ് ഇയാള്‍ ജില്ലാഭരണകൂടത്തോട് അപേക്ഷിച്ചിരിക്കുന്നത്.
മറുപടി ലഭിച്ചില്ലെങ്കില്‍ മൗനം സമ്മതമെന്ന് കരുതി സെപ്റ്റംബര്‍ 16-ന് തന്നെ കൃഷി തുടങ്ങുമെന്നും ഇയാള്‍ പറയുന്നു. ഇതിന്റെ പേരിൽ തനിക്കെതിരേ എന്തെങ്കിലും കുറ്റം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഭരണകൂടമായിരിക്കും അതിന് ഉത്തരവാദിയെന്നും കത്തില്‍ പറയുന്നു. എന്നാൽ, കഞ്ചാവ് നട്ടുവളര്‍ത്താനുള്ള പദ്ധതി ഇയാള്‍ക്കുണ്ടെങ്കില്‍ കേസെടുക്കുമെന്ന് മൊഹോല്‍ പോലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അശോക് സൈക്കാര്‍ പറഞ്ഞു.
Post Your Comments