ന്യൂഡൽഹി: വ്യോമസേനയ്ക്കായി 70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ റഷ്യയുമായി കരാറിൽ ഒപ്പിട്ട് ഇന്ത്യ. ഭീകരാക്രമണങ്ങളെ മികച്ച രീതിയിൽ പ്രതിരോധിക്കാനാണ് ഇന്ത്യ റൈഫിളുകൾ വാങ്ങുന്നത്. മുന്നൂറ് കോടി രൂപയുടേതാണ് കരാർ. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളുകൾക്ക് പകരമാണ് ഇത്.
എകെ-47ന്റെ ആധുനികവത്കരിക്കപ്പെട്ട വകഭേദമാണ് എകെ-103. കശ്മീർ താഴ്വരയിലും വൂളാർ തടാകത്തിലും നിയോഗിക്കപ്പെട്ടിരിക്കുന്ന സൈനികർ നിലവിൽ എകെ-103 റൈഫിളുകൾ ഉപയോഗിക്കുന്നുണ്ട്. തങ്ങൾക്ക് ആവശ്യമുള്ള ആയുധങ്ങൾ സംഭരിക്കാൻ കേന്ദ്ര സർക്കാർ, സേനകൾക്ക് അനുവാദം നൽകിയിട്ടുണ്ട്.
6.5 ലക്ഷം റൈഫിളുകൾ ഇന്ത്യൻ സേനകളുടെ കൈകളിലെത്തിക്കാനാണ് നീക്കം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിഴക്കൻ ലഡാക്കിലടക്കം ചൈനയുമായും മറ്റും പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സേനകളുടെ ആധുനികവത്കരണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. അതേസമയം പാകിസ്ഥാൻ ഭീകരർക്ക് താലിബാൻ അമേരിക്കൻ ആയുധങ്ങൾ വിതരണം ചെയ്തേക്കുമെന്ന സൂചനയുമുണ്ട്.
Post Your Comments