തിരുവനന്തപുരം: മത്സ്യവിൽപ്പന നടത്തുന്ന വനിതകൾക്ക് സൗജന്യ ബസ് സർവീസിനായി സമുദ്ര ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി. ഫിഷറീസ് വകുപ്പും കെ. എസ്. ആര്‍. ടി. സിയും സംയുക്തമായിട്ടാണ് സമുദ്ര ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം പാളയം മാര്‍ക്കറ്റിന് മുന്നിൽ വച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സമുദ്രയുടെ ഫ്‌ളാഗ്‌ഓഫ് നിർവ്വഹിച്ചത്.
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. മൂന്ന് ലോഫ്ളോര്‍ ബസുകളാണ് കെ. എസ്. ആര്‍. ടി. സി ഇതിനായി വിട്ടുകൊടുത്തിരിക്കുന്നത്. ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതല്‍ 10 വരെയുള്ള സമയത്താണ് സര്‍വീസുകള്‍ നടത്തുക. 24 പേര്‍ക്ക് ഒരു ബസില്‍ യാത്ര ചെയ്യാന്‍ കഴിയും.
കാലങ്ങളായി മത്സ്യ വിപണനത്തിന് പോകുന്ന സ്ത്രീകൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്കാണ് ഇതോടെ പരിഹാരമാകുന്നത്. പ്രൈവറ്റ് ബസ്സുകളിൽ മത്സ്യവിൽപ്പന നടത്തുന്ന വനിതകളെ കയറ്റാറില്ലെന്നും, കയറ്റിയാൽ തന്നെ കൂടുതൽ ചാർജ് ഈടാക്കുമെന്നും പരാതികൾ ഉയർന്നിരുന്നു. സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയോടെയും സ്വാതന്ത്ര്യത്തോടെയും ജോലി ചെയ്യാനുള്ള ഇടമുണ്ടാക്കിക്കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമായി സർക്കാർ കാണുന്നത്.
Post Your Comments