കീവ് : സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ ഭരണകാലത്തു വധിക്കപ്പെട്ടവരുടേതെന്നു കരുതുന്ന ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ കണ്ടെടുത്തു. സോവിയറ്റ് യൂണിയന്റെ ഭാഗവും പിന്നീടു സ്വതന്ത്രരാജ്യവുമായ യുക്രെയ്നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിനു സമീപമാണ് 1937– 39 കാലത്തു കൊല്ലപ്പെട്ടെന്നു കരുതുന്ന 5000 മുതൽ 8000 വരെ ആളുകളുടെ അസ്ഥികൾ കണ്ടെത്തിയത്. യുക്രെയ്നിൽ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ കൂട്ടശ്മശാനങ്ങളിലൊന്നാണിത്.
വിമാനത്താവള വികസനത്തിനു മണ്ണു നീക്കിയപ്പോഴാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. ഖനനം തുടരുന്നതിനാൽ സംഖ്യ ഇനിയും ഉയർന്നേക്കും. മുൻപും ഈ ഭാഗത്ത് അസ്ഥികൂടങ്ങൾ കണ്ടെടുത്തിരുന്നു. 1924 മുതൽ 1953 വരെ സോവിയറ്റ് ഭരണാധികാരിയായിരുന്ന സ്റ്റാലിൻ, ഗുലാഗ് എന്നറിയപ്പെട്ട ലേബർ ക്യാംപുകളിലും അല്ലാതെയുമായി 15 ലക്ഷത്തിലേറെപ്പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണു കണക്ക്. ഇതിൽ വലിയൊരു വിഭാഗം യുക്രെയ്നി വംശജരാണ്.
സോവിയറ്റ് യൂണിയന്റെ രഹസ്യ പൊലീസ് വിഭാഗം കൊന്നൊടുക്കിയവരുടേതാണ് അസ്ഥികളെന്നു കരുതുന്നതായി യുക്രെയ്ൻ നാഷനൽ മെമറി ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശിക മേധാവി സെർഗി ഗുട്സാല്യുക് പറഞ്ഞു. സ്റ്റാലിന്റെ കാലത്ത് ഏറെ കുപ്രസിദ്ധി നേടിയ സേനാവിഭാഗമാണ് എൻകെവിഡി എന്ന രഹസ്യ പൊലീസ്. 1932 – 33 ലെ വൻ ക്ഷാമകാലത്തു ദശലക്ഷക്കണക്കിനു യുക്രെയ്ൻകാർ മരിച്ചതും സ്റ്റാലിൻ നടത്തിയ വംശഹത്യയായാണ് കണക്കാക്കുന്നത്.
Post Your Comments