കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം ചാവേര്‍ ആക്രമണം നടത്തിയ ഖൊരാസന് അഥവാ ഐഎസിനെ കുറിച്ചാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. താലിബാന്റെ ശക്തിയും ദൗര്‍ബല്യവും ശരിക്കറിയാവുന്ന കൊടും ഭീകരര്‍ . എന്ത് ക്രൂരതയ്ക്കും മടിക്കാത്ത ഇവര്‍ ഐഎസിന്റെ അഫ്ഗാന് ഉപവിഭാഗമാണ്. താലിബാനില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഇവര്‍ 2014 ല്‍ രൂപീകരിച്ചതാണ് ഖൊരാസന്. ആയുധ ശക്തിയുടെയും സമ്പത്തിന്റെയും കാര്യത്തില്‍ താലിബാനോളം വരില്ലെങ്കിലും അഫ്ഗാനിലെ പല പ്രവിശ്യകളിലും അധികാരം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതിന്റെ ടെസ്റ്റ് ഡോസാണ് ഇന്നലത്തെ ചാവേര്‍ ആക്രമണം എന്നാണ് വിലയിരുത്തുന്നത്.
വടക്കുകിഴക്കന്‍ അഫ്ഗാനിലെ കുനാര്‍, നംഗര്‍ഹാര്‍, നൂരിസ്താന്‍ എന്നിവിടങ്ങളിലാണ് ഖൊരാസന് ഭീകരരുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം. ഇതിനൊപ്പം പാകിസ്ഥാനിലും ശക്തമായ വേരോട്ടമുണ്ട്. പാകിസ്ഥാനില്‍ നിന്നാണ് ആളും അര്‍ത്ഥവും പ്രധാനമായി ഇവര്‍ക്ക് ലഭിക്കുന്നത്. അഫ്ഗാനില്‍ ഇവര്‍ക്ക് ആയിരക്കണക്കിന് പ്രവര്‍ത്തകരാണുള്ളത്. പക്ഷേ, താലിബാനെപ്പോലെ നേരിട്ട് ആയുധവുമായി രംഗത്തിറങ്ങുന്നില്ലെന്ന് മാത്രം. അവസരം കിട്ടുമ്പോള്‍ അപ്രതീക്ഷിതമായ രീതിയില്‍ പ്രതികരിക്കും. ശത്രുവിന് ഏറ്റവും കനത്ത നാശമുണ്ടാക്കാനാവും ശ്രമം. പ്രവിശ്യകള്‍ പിടിക്കാന്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിടുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
തങ്ങളും മാതൃ സംഘടനയായ ഐഎസും മാത്രമാണ് ലോകത്തിലെ യഥാര്‍ത്ഥ ജിഹാദികളെന്ന് വ്യക്തമാക്കുക എന്നതായിരുന്നു ചാവേര്‍ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് പുറത്തുവരുന്ന വിവരം .
Post Your Comments