നാദിർഷായുടെ ‘ഈശോ’ എന്ന ചിത്രം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കാതെ കേരള ഫിലിം ചേംബര്‍ ഓഫ് കമേഴ്‌സ്. സാങ്കേതിക കാരണമുയര്‍ത്തിയാണ് ചേംബർ രജിസ്‌ട്രേഷന്‍ തള്ളിയത്. സിനിമയുടെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ ഫിലിം ചേംബര്‍ അംഗത്വം പുതുക്കിയില്ലെന്നും സിനിമ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചേംബറില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്നും ചേംബർ ആരോപിക്കുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച സാഹചര്യത്തിലും നിര്‍മ്മാതാവ് അംഗത്വം പുതുക്കാത്തതിനാലും സിനിമ രജിസ്റ്റര്‍ ചെയ്തില്ലെന്നും മറ്റ് വിവാദങ്ങള്‍ ചേംബര്‍ യോഗം പരിഗണിച്ചില്ലെന്നും പറയുന്നുണ്ടെങ്കിലും ഈശോ വിവാദം ചർച്ചയായിട്ടുണ്ടാകാമെന്നാണ് സൂചന.
ഒരു വിഭാഗം ക്രൈസ്തവ സംഘടനകളും സഭകളും ശക്തമായി പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നതിനു പിന്നാലെയാണ് പേരിടാനുള്ള അനുമതി ചേംബർ നിഷേധിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിനാൽ ഈ പേരിനു അനുമതി നൽകേണ്ടെന്ന് ഒരു വിഭാഗം തീരുമാനമെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ 2019ല്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു സിനിമ നിര്‍മ്മിക്കാനാണ് ഫിലിം ചേംബറില്‍ അംഗത്വം എടുത്തതെന്നും ഇത് പുതുക്കിയില്ലെന്നുമാണ് അനുമതി നിഷേധിക്കാനുണ്ടായ കാരണമെന്ന് ചേംബർ പ്രതിനിധി വ്യക്തമാക്കിയതായി ദ ക്യു റിപ്പോർട്ട് ചെയ്യുന്നു.
ഈശോ എന്ന പേര് യേശുവിനെയും ക്രൈസ്തവ സമൂഹത്തെയും അവഹേളിക്കുന്നതാണെന്നും പേരിട്ടാൽ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാണിച്ച് ക്രിസ്ത്യൻ സംഘടനകളും പി സി ജോർജിനെ പോലെയുള്ള നേതാക്കളും രംഗത്ത് വന്നിരുന്നു. നാദിര്‍ഷയെ പിന്തുണച്ച് സിനിമാ ലോകത്ത് നിന്നും കൂടുതല്‍ പേര്‍ രംഗത്ത് വന്നിരുന്നു.
Post Your Comments