![](/wp-content/uploads/2020/03/jayasankar.jpg)
ന്യൂഡല്‍ഹി: താലിബാന്‍ കീഴടക്കിയ അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ . അഫ്ഗാനില്‍ നിന്ന് കഴിയാവുന്നത്ര ആളുകളെ ഇന്ത്യ ഒഴിപ്പിക്കും. 35 പേര്‍ വ്യാഴാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തുമെന്നും പാര്‍ലമെന്റില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.
Read Also : താന്‍ ജീവനോടെയുണ്ട്, താലിബാന്‍ കൊലപ്പെടുത്തിയെന്ന് കരുതിയ മാദ്ധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്
എന്നാല്‍ അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ടുവരുന്നതിന് ദോഹയില്‍ നടത്തിയ ചര്‍ച്ചയില്‍ താലിബാന്‍ നേതാക്കള്‍ നല്‍കിയ വാക്ക് പാലിക്കുന്നില്ല. താലിബാന്‍ വിഷയത്തില്‍ ‘കാത്തിരുന്ന് കാണുക’ എന്ന നയമാണ് ഇന്ത്യ ഈ സമയം സ്വീകരിച്ചിരിക്കുന്നതെന്നും എസ്.ജയശങ്കര്‍ വ്യക്തമാക്കി.
അഫ്ഗാനിസ്താനിലെ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം അഭിനന്ദിച്ചതായും രക്ഷാദൗത്യത്തില്‍ വിദേശകാര്യ മന്ത്രിയെ പ്രശംസിച്ചതായും അദ്ദേഹം അറിയിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ അംബാസഡര്‍ രുദ്രേന്ദ്ര ഠണ്ടനും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രീംഗ്ലയും പങ്കെടുത്തു. 31 കക്ഷികളില്‍ നിന്നായി 37 നേതാക്കളാണ് സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്തത്.
അതേസമയം, കാബൂള്‍ വിമാനത്താവളം താലിബാന്‍ ആക്രമിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അങ്ങനെ വന്നാല്‍ വെള്ളിയാഴ്ചയ്ക്കു ശേഷം രക്ഷാപ്രവര്‍ത്തനം തുടരാന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍ . ഓഗസ്റ്റ് 31 വരെയാണ് രക്ഷാപ്രവര്‍ത്തനത്തിന് താലിബാന്‍ സമയം അനുവദിച്ചിരിക്കുന്നത്. അതിനുശേഷം വിമാനം റാഞ്ചാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചേക്കുമെന്നും സൂചനയുണ്ട്.
Post Your Comments