പാങ്ങോട്: വിദേശത്തു നിന്നു നാട്ടിലെത്തിയ യുവാവിനെ വിമാനത്താവളത്തിൽ നിന്നു കാണാതായത് ദുരൂഹത വർധിപ്പിക്കുന്നു. പാങ്ങോട് പുലിപ്പാറ കുന്നിൽ വീട്ടിൽ അൽഅമീൻ(24)നെയാണ് 13ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു കാണാതായത്. 13ന് വൈകിട്ട് മലപ്പുറം മഞ്ചേരി സ്വദേശികളും പാങ്ങോട് സ്വദേശികളും ഉൾപ്പെട്ട ഒരു സംഘം അൽഅമീന്റെ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹം ദുബായിൽ നിന്നു നാട്ടിലെത്തിയ വിവരം വീട്ടുകാർ അറിയുന്നത്.
തങ്ങളുടെ കുറച്ചു സ്വർണം അൽഅമീന്റെ കൈവശമുണ്ടെന്നും അത് വാങ്ങാനാണ് എത്തിയതെന്നും മലപ്പുറത്തു നിന്നു വന്നവർ വീട്ടുകാരോടു പറഞ്ഞു. സംഘം മടങ്ങിയ ഉടൻ ബന്ധുക്കൾ അൽഅമീനെ വിമാനത്താവളത്തിൽ നിന്നു കാണാതായെന്നു കാണിച്ച് വലിയതുറ പൊലീസിൽ പരാതി നൽകി. നിർധന കുടുംബാംഗമായ അൽ അമീന്റെ രക്ഷിതാക്കൾ കൂലിപ്പണിക്കാരാണ്.
മൂന്നര വർഷമായി പാങ്ങൽകുന്ന് സ്വദേശിയുടെ വിദേശത്തുള്ള കടയിലാണ് അൽഅമീൻ ജോലി ചെയ്യുന്നതെന്നും ശമ്പളം ലലഭിച്ചിരുന്നില്ലെന്നും പിന്നീട് ഇയാളെ കടയിൽ നിന്നു മാറ്റിയതിനുശേഷം പകരം മലപ്പുറം സ്വദേശിയെ നിയമിച്ചെന്നും മകൻ അറിയിച്ചിരുന്നതായി രക്ഷിതാക്കൾ പറയുന്നു. കാണാനില്ലെന്നു രക്ഷിതാക്കളുടെ പരാതി ലഭിക്കുമ്പോഴാണ് കരിപ്പൂർ മോഡൽ സംഭവം തിരുവനന്തപുരത്തും നടന്നതായി അധികൃതർ സംശയിച്ചത്. തുടർന്ന് അന്വേഷണത്തിനു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
13ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അൽഅമീൻ സഞ്ചരിച്ച വാഹനത്തെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചുവെന്നും വാഹനം ഇരിട്ടി സ്വദേശിയുടേതാണെന്നു കണ്ടെത്തിയെന്നും അന്വേഷണ സംഘം പറയുന്നു. ഇയാൾ വിദേശത്ത് ബന്ധപ്പെട്ടതായും ഫോൺ രേഖകളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. കേരളം വിട്ട ഇയാൾ ബംഗ്‌ളൂരുവിലെത്തിയെന്നാണ് ലഭിക്കുന്ന വിവരമെന്നും വിദേശത്തു നിന്ന് എത്തിയ ആളെ കാണാതായതിനു പിന്നിൽ സ്വർണക്കടത്തെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറയുന്നു.
Post Your Comments