കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുക്കുകയും താലിബാന് ചൈനയും പാകിസ്ഥാനും പരസ്യ പിന്തുണ നൽകുകയും ചെയ്തതോടെ ഇന്ത്യ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ താലിബാൻ പാകിസ്ഥാനുമായി കൈകോർക്കുമെന്നും ശേഷം ഇന്ത്യയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് പാകിസ്ഥാന്റെ ഭരണ കക്ഷിയായ പാകിസ്ഥാൻ തെഹരീക് ഇ ഇന്‍സാഫ് (പിടിഐ) നേതാവ് നീലം ഇര്‍ഷാദ് ഷെയ്ഖിന്റെ വെളിപ്പെടുത്തൽ.
കശ്മീർ കീഴടക്കാൻ താലിബാൻ തങ്ങളെ സഹായിക്കുമെന്നാണ് വനിതാ നേതാവ് പറയുന്നത്. ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് പാക് സൈന്യം താലിബാനെ ഉപയോഗപ്പെടുത്തിയേക്കും എന്ന ആശങ്കകൾക്കിടയിലാണ് പാക് ഭരണ കക്ഷി നേതാവ് തന്നെ സമാന പരാമർശം നടത്തി രംഗത്ത് വന്നിരിക്കുന്നത്. ടെലിവിഷന്‍ ചര്‍ച്ചയിലായിരുന്നു പാകിസ്ഥാൻ തെഹരീക് ഇ ഇന്‍സാഫ് വനിതാ നേതാവ് നീലം ഇര്‍ഷാദ് ഷെയ്ഖിന്റെ പ്രതികരണം. താലിബാന്‍ കശ്മീരില്‍ പാകിസ്ഥാനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ടെന്ന് നീലം ചർച്ചയിൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read:ഈ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് എതിരായ കേസില്‍ പോലീസിന് തിരിച്ചടി, കോടതി തീരുമാനം പുറത്ത്
പിടിഐ നേതാവിന്റെ പ്രസ്താവന വന്നതോടെ ‘താങ്കളുടെ പ്രതികരണത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് അറിയാമോ’ എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. ഈ ഷോ ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകമെമ്പാടും കാണുന്നതാണ് എന്ന് അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു. എന്തൊക്കെ ആണെങ്കിലും തന്റെ നിലപാടില്‍ ഉറച്ച് നിൽക്കുകയാണെന്നും താലിബാന്‍ തങ്ങളെ സഹായിക്കും എന്നും നീലം ഇര്‍ഷാദ് ഷെയ്ഖ് ആവർത്തിച്ചു.
താലിബാന്റെ പാക് ബന്ധം നേരത്തെയും വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. താലിബാനെ വളര്‍ത്തുന്നതില്‍ പാകിസ്ഥാനും അവരുടെ രഹസ്യാന്വേഷണ വിഭാഗവും പ്രധാന പങ്ക് വഹിക്കുന്നുവെന്ന് അഫ്ഗാന്‍ സർക്കാരും ആരോപിച്ചിരുന്നു. അതേസമയം, കശ്മീർ വിഷയത്തിൽ ഇടപെടില്ലെന്നും അത് ഇന്ത്യ – പാകിസ്ഥാൻ ഉഭയകക്ഷി പ്രശ്നമാണെന്നുമായിരുന്നു താലിബാൻ മുൻപ് വ്യക്തമാക്കിയിരുന്നത്.
Post Your Comments