Latest NewsInternational

2000ന് ശേഷം ജനിച്ചവർ കോവിഡ് പോലൊരു മഹാദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വരുമെന്ന് പുതിയ പഠനം

ജനസംഖ്യാ വര്‍ദ്ധനവ്, ഭക്ഷണക്രമത്തില്‍ വരുന്ന മാറ്റം, പരിസ്ഥിതി നാശം അതുപോലെ രോഗകാരികളെ വഹിക്കുന്ന മൃഗങ്ങളുമായി മനുഷ്യന്റെ വര്‍ദ്ധിച്ചുവരുന്ന സമ്പര്‍ക്കം എന്നിവ മാഹാമാരിയുടെ സാധ്യതയെ ത്വരിതപ്പെടുത്തും

റോം: മഹാമാരികള്‍ പിന്തുടരുന്ന ക്രമത്തിന്റെ വിശദമായ പഠനത്തിൽ ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്. കൊറോണയ്ക്കു പിന്നാലെ 60 വര്‍ഷം കഴിഞ്ഞാല്‍ ലോകം മറ്റൊരു മഹാമാരിയെ കൂടി അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2000 ത്തിനു ശേഷം ജനിച്ചവർ ആ മഹാമാരിയെ കൂടി നേരിടേണ്ടി വരുമെന്നാണ് പഠനം. ഇറ്റലിയിലെ ലഡുവ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ 400 വര്‍ഷക്കാലത്തിലധികമായി ലോകത്തെ വിറപ്പിച്ച മഹാമാരികളുടെ വിശദാംശങ്ങള്‍ പഠനവിധേയമാക്കിയതിനു ശേഷമാണ് അവര്‍ ഇത്തരത്തിലൊരു അനുമാനത്തില്‍ എത്തിയിരിക്കുന്നത്. 2080 ആകുമ്പോഴേക്കും അടുത്ത മഹാമരിയെത്തുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ ലോകത്തെ പ്രതിസന്ധിയിലാക്കിയ മഹാമാരികളില്‍ ഏറ്റവും ഭീകരന്‍ കൊറോണയാണെന്നും ഇവരുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ വിശദമായിപരിശോധിച്ചതില്‍, ഇത്തരത്തിലുള്ള മഹാമാരികള്‍ വിരളമായിട്ടല്ല ഉണ്ടായിരിക്കുന്നത് എന്നാണ് കണ്ടെത്തിയത്.

ജനസംഖ്യാ വര്‍ദ്ധനവ്, ഭക്ഷണക്രമത്തില്‍ വരുന്ന മാറ്റം, പരിസ്ഥിതി നാശം അതുപോലെ രോഗകാരികളെ വഹിക്കുന്ന മൃഗങ്ങളുമായി മനുഷ്യന്റെ വര്‍ദ്ധിച്ചുവരുന്ന സമ്പര്‍ക്കം എന്നിവ മാഹാമാരിയുടെ സാധ്യതയെ ത്വരിതപ്പെടുത്തുമെന്നും അവര്‍ പറയുന്നു. കഴിഞ്ഞ നാലു നൂറ്റാണ്ടുകളായി മനുഷ്യകുലത്തെ ആക്രമിച്ച പ്ലേഗ്, വസൂരി, കോളറ, ടൈഫസ് എന്നുതുടങ്ങി വിവിധ തരം ഇന്‍ഫ്ളുവന്‍സകളുടെ വിവരങ്ങളും ഇതിനായി ഇവര്‍ പഠനവിധേയമാക്കിയിരുന്നു.

കഴിഞ്ഞകാലങ്ങളില്‍ മഹാമാരി വീശിയടിച്ച കാലയളവുകളില്‍ വ്യത്യസ്തതയുണ്ടെങ്കിലും ഒരു നിശ്ചിത ക്രമം പാലിച്ചിട്ടുണ്ടെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യകുലത്തെ ഭൂമിയില്‍ നിന്നും നിശ്ശേഷം തുടച്ചു നീക്കുന്ന ഒരു മഹാമാരി അടുത്ത 12,000 വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ മാക്രോണി മരാനിയും സംഘവും വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button