ബെൽജിയം: മനുഷ്യനും മൃഗങ്ങളും തമ്മിലുളള അടുപ്പത്തിന്റെ കഥകൾ ഒരുപാടുണ്ട്. അത്തരത്തിലൊരു കഥയാണ് ഇപ്പോൾ ബെൽജിയത്തിൽ നിന്നും പുറത്തുവരുന്നത്. ഇവിടെ നിന്നും പുറത്തു വരുന്ന കഥകൾ അൽപം വ്യത്യസ്തമായ ഒന്നു തന്നെയാണ്. കഥ എന്താണെന്നല്ലേ. ബെൽജിയത്തിലെ ഒരു യുവതിയ്ക്ക് അവിടുത്തെ ഒരു മൃഗശാലയിലെ ചിമ്പാൻസിയോട് പ്രണയം. തനിക്ക് ചിമ്പാൻസിയെയും അതിനു തന്നെയും ഇഷ്ടമാണെന്നും തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നുമാണ് യുവതി പറയുന്നത്. ചിമ്പാൻസിയെ ഇനി കാണരുതെന്നാണ് മൃഗശാലയിലെ അധികൃതർ യുവതിയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അധികൃതരുടെ ഉത്തരവിനെതിരെ യുവതി രംഗത്തെത്തി. തങ്ങളെ അകറ്റി നിർത്തുന്ന മൃഗശാലാ അധികൃതരുടെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്നും യുവതി ആരോപിക്കുന്നു. ആദി ടിമ്മർമാൻസ് എന്ന സ്ത്രീയ്ക്കാണ് ബെൽജിയത്തിലെ ആന്റ്വെർപ് മൃഗശാല വിലക്ക് ഏർപ്പെടുത്തിയത്. 38 വയസ്സുള്ള ചിറ്റ എന്ന ചിമ്പാൻസിയോടാണ് ഇവർക്ക് പ്രണയം.
കഴിഞ്ഞ നാലു വർഷമായി ടിമ്മർമാൻസ് ചിറ്റയെ ദിവസവും മൃഗശാലയിലെത്തി കാണാറുണ്ട്. ഈ കാലത്തിനിടയിൽ ചിമ്പാൻസിയും താനുമായി ശക്തമായ ബന്ധം വളർന്നുവെന്നാണ് യുവതി പറയുന്നത്. ഇത് അറിഞ്ഞശേഷമാണ്, മൃഗശാല അധികൃതർ തനിക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നും ഇനി ചിറ്റയെ കാണാൻ കഴിയില്ലെന്ന് അവർ കട്ടായം പറയുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കൂട്ടത്തിലെ മറ്റ് ചിമ്പാൻസികൾ ചിറ്റയിൽനിന്നും ഇതിനകം വിട്ടുനിൽക്കുന്നതായാണ് അധികൃതർ വിശദമാക്കുന്നത്.
എന്നാൽ ഈ ബന്ധം ചിറ്റയ്ക്ക് നല്ലതല്ല എന്നാണ് മൃഗശാല അധികൃതരുടെ വിലയിരുത്തൽ.
Post Your Comments