വാഷിംഗ്ടൺ : അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുമായി സൗഹൃദപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായി നയതന്ത്ര-വാണിജ്യ ബന്ധം സ്ഥാപിക്കില്ലെന്ന് അഭ്യൂഹങ്ങളും താലിബാൻ തള്ളിയിരുന്നു. ഇപ്പോഴിതാ താലിബാനെ വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
‘ഞാൻ ആരെയും വിശ്വസിക്കുന്നില്ല. താലിബാൻ അടിസ്ഥാനപരമായ തീരുമാനമെടുക്കണം. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ താലിബാൻ ശ്രമിക്കുമോ? 100 വർഷമായി ഒരു സംഘവും ഇതുവരെ അത് ചെയ്തിട്ടില്ല. ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നതെങ്കിൽ, സാമ്പത്തിക സഹായം, വ്യാപാരം, തുടങ്ങി ഒരു കൂട്ടം കാര്യങ്ങളിൽ അവർക്ക് അധിക സഹായം ആവശ്യമായി വരും.താലിബാൻ തങ്ങളെ മറ്റ് രാജ്യങ്ങൾ അംഗീകരിക്കുന്നതിനായി നിയമസാധുത തേടുകയാണ്. ഞങ്ങളുടെ നയതന്ത്ര സാന്നിധ്യം പൂർണ്ണമായും നീക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന് അവർ മറ്റ് രാജ്യങ്ങളോടും ഞങ്ങളോടും പറഞ്ഞിട്ടുണ്ട്. ഇതുവരെ യുഎസ് സേനയ്ക്കെതിരെ താലിബാൻ നടപടിയെടുത്തിട്ടില്ല’- ജോ ബൈഡൻ പറഞ്ഞു.
യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളം വഴി അഫ്ഗാനിസ്ഥാനിൽ നിന്ന് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത് തുടരുന്നതിനിടെയാണ് ജോ ബൈഡന്റെ പരാമർശം. അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുക്കുകയും അഷ്റഫ് ഗനിയുടെ സർക്കാർ തകരുകയും ചെയ്തതിനെ തുടർന്ന് സുരക്ഷാ സ്ഥിതി വഷളായതിനാലാണ് ഒഴിപ്പിക്കൽ നടത്തുന്നത്.
Post Your Comments