ഓണാശംസ നേർന്ന രമ്യ ഹരിദാസ് എംപിക്ക് പരിഹാസ ട്രോളുകൾ. ‘നാരിമാർ, ബാലന്മാർ മറ്റുള്ളോരും നീതിയോടെങ്ങും വസിച്ച കാലം കള്ളവുമില്ല ചതിവുമില്ല- എള്ളോളമില്ല പൊളിവചനം! ഓണാശംസകൾ’ എന്നായിരുന്നു എം പി ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. ഇതിനെതിരെയാണ് ട്രോളുകളും കമന്റുകളും പ്രത്യക്ഷപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ രമ്യ ഹരിദാസ് എം പി യും, വി ടി ബൽറാമും അടങ്ങുന്ന സംഘം പാലക്കാട്ടെ ഒരു പ്രമുഖ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴുണ്ടായ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകൾ.
ഡെലിവറി ബോയ് പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രമ്യ ഇയാൾക്കെതിരെ ആരോപണമുയർത്തി രംഗത്ത് വന്നിരുന്നു. ദൃശ്യം പകർത്തിയ യുവാവിനെ കോൺഗ്രസ് നേതാക്കൾ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ യുവാവ് തന്റെ കയ്യിൽ കടന്ന് പിടിച്ചതുകൊണ്ടാണ് പ്രവർത്തകർ പ്രതികരിച്ചതെന്നാണ് രമ്യ ഹരിദാസ് പറഞ്ഞത്. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് വീഡിയോയിൽ വ്യക്തമാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിച്ചു.
വൈറൽ സംഭവവുമായി വിമർശകർ രമ്യയുടെ ‘ഓണപോസ്റ്റ്’ കൂട്ടിവായിച്ചതോടെയാണ് ട്രോളുകൾ പ്രചരിച്ചത്. ‘കള്ളവുമില്ല ചതിയുമില്ല…അതാണ്.. ആ ഡെലിവറി ബോയ് കയ്യേറ്റം ചെയ്തു എന്ന് പറഞ്ഞ ആ വീഡിയോ ഒന്നൂടെ കണ്ട്.. അതോടെ തീർന്ന്’ എന്നാണു ഒരാളുടെ വക കമന്റ്. ‘നരിമാർ, ബാലന്മാർ മറ്റുള്ളോരും അകലം പാലിച്ചു വസിച്ച നേരം. ഹോട്ടലിൽ ഫുഡുമ്പോൾ ന്നെ കൈയോടെ പൊക്കിയ ബാലന്മാരും. ന്നേരം കള്ളവുമുണ്ട്, ചതിയുമുണ്ട് എള്ളോളമുണ്ട് പൊളിച്ചടുക്കൽ..പെങ്ങളുട്ടി ഇഷ്ട്ടം’ പോസ്റ്റിനു അതെ ഈണത്തിൽ മറുപടി നൽകുന്നവരും ഉണ്ട്. പോസ്റ്റിന്റെ പേരിൽ രമ്യയെ വ്യക്തിപരമായി അധിക്ഷേപിക്കാനും ചിലർ തയ്യാറാകുന്നുണ്ട്. ‘ഭൂലോക ഫ്രോഡ് എന്നിട്ട് ഇവിടെ വന്നു ഡയലോഗ് അടിക്കുകയാ ആദ്യം അതു പ്രവർത്തിയിൽ ചെയ്തു കാണിക്കൂ എന്നിട്ട് ഇതു പോലുള്ള പോസ്റ്റുകൾ ഇടൂ’ എന്നാണു ഇത്തരക്കാർ കമന്റ് ഇടുന്നത്.
Post Your Comments