ലുധിയാന: പഞ്ചാബില്‍ പാക് അതിര്‍ത്തിമേഖലയില്‍നിന്ന് 40.8 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു. ഗുരുദാസ്പുര്‍ ജില്ലയിലെ ദേരാബാബ നാനാക് മേഖലയില്‍നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഹെറോയിന് പുറമേ 180 ഗ്രാം ഒപ്പിയവും ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച പാകിസ്താന്‍ നിര്‍മിത പിവിസി പൈപ്പുകളും രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ ഹെറോയിന് അന്താരാഷ്ട്രവിപണിയില്‍ 200 കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ ബി.എസ്.എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കടത്ത് പിടികൂടിയത്. 39 പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. പാകിസ്താനില്‍നിന്ന് അതിര്‍ത്തിയിലെ കമ്പിവേലിക്കിടയിലൂടെ പി.വി.സി. പൈപ്പിനുള്ളിലാക്കിയാണ് ഇവ ഇന്ത്യയിലേക്ക് കടത്തിയിരുന്നത്. ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച രണ്ട് പൈപ്പുകളും പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്.
കുപ്രസിദ്ധ ലഹരിമരുന്ന് വിതരണക്കാരനായ നിര്‍മല്‍ സിങ് എന്ന സോനു മായേര്‍ പാകിസ്താനില്‍നിന്ന് ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. പോലീസ് സംഘം ഈ വിവരം ബി.എസ്.എഫിനെ അറിയിച്ചു. ഇതിനിടെ, പുലര്‍ച്ചെ 2.30-ഓടെ അതിര്‍ത്തിയോട് ചേര്‍ന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ചിലരെ കണ്ടു. ബി.എസ്.എഫ്. വെടിയുതിര്‍ത്തതോടെ ഇവര്‍ പ്രദേശത്തുനിന്ന് പിന്‍വാങ്ങി. പിന്നാലെ പോലീസ് സംഘവും സ്ഥലത്തെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് വഴി കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നിര്‍മല്‍ സിങ്ങിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 2020-ല്‍ ഹെറോയിന്‍ പിടിച്ചെടുത്ത കേസില്‍ പോലീസ് തിരയുന്ന പ്രതിയാണ് ഇയാള്‍. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് എസ്.എസ്.പി. ഖുരാന മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments