ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യ ഞായറാഴ്ച്ച തിരികെ എത്തിച്ചത് 400 പേരെ. മൂന്ന് വിമാനങ്ങളിലായാണ് ഇന്ത്യ രക്ഷാദൗത്യം നടത്തിയത്. താലിബാൻ ഭീകരർ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് പൗരൻമാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചത്. 107 ഇന്ത്യക്കാരും 23 അഫ്ഗാനികളും ഉൾപ്പെടുന്ന സംഘവുമായി വ്യോമസേനയുടെ സി-17 വിമാനം കാബൂളിൽ നിന്ന് ഹിൻഡോൺ എയർ ബെയ്സിൽ എത്തി.
87 ഇന്ത്യക്കാരും രണ്ട് നേപ്പാളികളും ഉൾപ്പെടുന്ന മറ്റൊരു സംഘം താജികിസ്താനിൽ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലുമെത്തിയിട്ടുണ്ട്. കാബൂളിൽ നിന്ന് ദോഹയിലെത്തിച്ച 135 ഇന്ത്യക്കാരുൾപ്പെടുന്ന മറ്റൊരു സംഘത്തേയും ഞായറാഴ്ച ഡൽഹിയിൽ എത്തിച്ചു. നയതന്ത്രജ്ഞരും ഐടിബിപി ഉദ്യോഗസ്ഥരും ഉൾപ്പെടെ 200 പേരെ കഴിഞ്ഞ ദിവസം കാബൂളിൽ നിന്നും രാജ്യത്തേക്ക് തിരികെ എത്തിച്ചിരുന്നു. ഇന്ത്യൻ വ്യമോസേനാ വിമാനത്തിലാണ് ഇവരെ തിരികെ എത്തിച്ചത്.
യു.എസ്, ഖത്തർ, താജികിസ്താൻ എന്നീ രാജ്യങ്ങളുമായി ചേർന്നാണ് പൗരൻമാരെ തിരിച്ചെത്തിക്കുന്ന ദൗത്യം ഇന്ത്യ പൂർത്തിയാക്കിയത്. രക്ഷാ ദൗത്യം പുരോഗമിക്കുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നത്. ഇതിന്റെ ഭാഗമായി അഫ്ഗാനിലുള്ള ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങളും വിദേശകാര്യ മന്ത്രാലയം ശേഖരിക്കുന്നുണ്ട്.
Post Your Comments