കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതോടെ സാധാരണക്കാരായ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. കാബൂളിൽ താലിബാൻ പിടിമുറുക്കിയതോടെ ഏതുവിധേനയും രാജ്യം വിടാനുള്ള പരിഭ്രാന്തിയിൽ ജനങ്ങൾ പരക്കം പായുകയാണ്. കാബൂൾ വിമാനത്താവളത്തിന്റെ പുറത്തുനിന്ന് മതിലിന് മുകളിൽ നിൽക്കുന്ന അമേരിക്കൻ സൈനികർക്ക് തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളെ എറിഞ്ഞുകൊടുക്കുന്ന മാതാപിതാക്കളുടെ ദൃശ്യം നേരത്തെ പുറത്തു വന്നിരുന്നു.
ഇത്തരത്തിലുള്ള നിരവധി ദയനീയമായ ദൃശ്യങ്ങളാണ് ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അതിലൊന്നാണ് കാബൂൾ വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന ഒരു കൈക്കുഞ്ഞിന്റെ കരളലിയിക്കുന്ന ദൃശ്യം. രക്ഷപ്പെടാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ മാതാപിതാക്കളിൽ നിന്നും തിക്കിലും തിരക്കിലും പെട്ട് വേർപിരിഞ്ഞ ഏഴ് മാസം പ്രായം വരുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ ലോകമൊട്ടാകെ ചർച്ചയാകുകയാണ്.
പ്രാദേശിക വാർത്താ ഏജൻസിയാണ് കുഞ്ഞിന്റെ ചിത്രവും വാർത്തയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയുടെ സഹായത്തോടെ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. അതേസമയം, കാബൂൾ സ്വദേശികളായ ദമ്പതികൾ തങ്ങളുടെ ഏഴ് മാസം പ്രായമായ കുഞ്ഞിനെ വിമാനത്താവളത്തിൽ നിന്ന് കാണാതായതായി പരാതിപ്പെട്ടിരുന്നു.
Post Your Comments