കോട്ടയം : ഭാര്യ മരിച്ചിട്ടും സമൂഹമാധ്യമങ്ങള്‍ വഴി ചികിത്സാപ്പിരിവ് തുടര്‍ന്ന യുവാവിനെതിരെ ഭാര്യാപിതാവിന്റെ പരാതി. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തിരുവല്ല സ്വദേശിനിയായ 30-കാരിയെ മേയിലാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് നെഗറ്റീവായെങ്കിലും ഗര്‍ഭസ്ഥശിശു മരിച്ചു. ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ജൂണ്‍ 24-ന് യുവതിയും മരിച്ചു.
യുവതി ചികിത്സയിലിരിക്കെ ഭര്‍ത്താവ് സാമൂഹികമാധ്യമത്തിലൂടെ ചികിത്സാസഹായം തേടി സന്ദേശമിട്ടിരുന്നു. 35 ലക്ഷത്തിലധികം രൂപ അക്കൗണ്ടിലേക്ക് ലഭിച്ചു. ആശുപത്രിയില്‍ 26 ലക്ഷം രൂപയുടെ ബില്ലായി. ഏഴുലക്ഷം രൂപയോളം ബാക്കി അടയ്ക്കാനുണ്ടായിരുന്നിട്ടും യുവാവിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ആശുപത്രിക്കാര്‍ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിച്ചു.
യുവതി മരിച്ചതറിയാതെ, പഴയ ഫെയ്സ്ബുക്ക്, വാട്‌സാപ്പ് സന്ദേശങ്ങള്‍ കണ്ട് ആളുകള്‍ ഇപ്പോഴും പണം ഇടുന്നുമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവല്ല ഡിവൈ.എസ്.പി.ക്കാണ് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുള്ളത്.
ചികിത്സാസഹായത്തിനായി പ്രചാരണം നടത്തിയത് താനറിയാതെയാണെന്നും ഇരുകുടുംബങ്ങളും സാമ്പത്തികമായി നല്ല നിലയിലായതിനാല്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും മരിച്ച യുവതിയുടെ അച്ഛന്‍ പരാതിയില്‍ പറയുന്നു.
Post Your Comments