ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യ വീണ്ടും ഒഴിപ്പിക്കൽ തുടങ്ങി. ഇന്ത്യക്കാരുമായി ഒരു വ്യോമസേനാ വിമാനം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുപൊങ്ങിയെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 85 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളതെന്നാണ് സൂചന. ഇന്ധനം നിറയ്ക്കാൻ ഈ വ്യോമസേനാ വിമാനം നിലവിൽ താജിക്കിസ്ഥാനിൽ ഇറങ്ങിയിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ ഈ വിമാനം ഇന്ത്യയിലെത്തും. ഡൽഹിയിലെ ഹിൻഡൻ വിമാനത്താവളത്തിലേക്കായിരിക്കും ഈ വിമാനം എത്തുക എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ അന്തിമസ്ഥിരീകരണമായിട്ടില്ല.
ഇരുന്നൂറോളം ഇന്ത്യൻ പൗരൻമാരെയാണ് വിമാനത്താവളത്തിന് അടുത്തേക്ക് നാല് ബസ്സുകളിലായി ഇന്ന് രാവിലെയോടെ എത്തിച്ചിരിക്കുന്നത്. എന്നാൽ വിമാനത്താവളത്തിന് അകത്തേക്ക് ആളുകളെ കടത്തിവിടാത്തതിനാൽ ഒഴിപ്പിക്കലിൽ അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. ഇതിൽ 85 പേരെയുമായാണോ വിമാനം പുറപ്പെട്ടിരിക്കുന്നത് എന്ന കാര്യത്തിൽ അൽപസമയത്തിനകം മാത്രമേ സ്ഥിരീകരണമാകൂ.
Read Also: എല്ലാ മലയാളികൾക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
എംബസി ഉദ്യോഗസ്ഥർ ഇന്ത്യൻ പൗരൻമാരെ അഫ്ഗാനിൽ നിന്ന് പുറത്തേക്ക് എത്തിക്കാനായി എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാബൂൾ വിമാനത്താവളത്തിന്‍റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യുഎസ് വിന്യസിച്ചിട്ടുണ്ട്. അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ്.
Post Your Comments