
കാബൂൾ: ‘അവർക്ക് വേണ്ടത് സ്ത്രീകളെയാണ്. 12 വയസ് മുതലുള്ള കുട്ടികളാണ് അവരുടെ ലക്ഷ്യം. അവർ കണ്ണ് വെച്ച് കഴിഞ്ഞാൽ പിന്നെ രക്ഷയില്ല. നമ്മൾ എത്ര എതിർത്തിട്ടും കാര്യമില്ല. എതിർത്താൽ മരണമായിരിക്കും വിധി’, പറയുന്നത് കാബൂളിൽ നിന്നുള്ള മാധ്യമപ്രവർത്തകയാണ്. ഓരോ പ്രദേശത്തെയും ഗ്രാമത്തലവന്മാരോട് പതിനഞ്ചിനും നാൽപത്തിയഞ്ചിനും ഇടയ്ക്കു പ്രായമുള്ള പെൺകുട്ടികളുടെയും സ്ത്രീകളുടെയും പട്ടികയെടുക്കാൻ താലിബാൻ ആവശ്യപ്പെട്ടിരുന്നു. പട്ടികയിൽ 12 വയസ് മുതലുള്ള കുട്ടികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടിരുന്നില്ല. ഇതോടെ, ചിലർക്കെങ്കിലും ആശ്വാസമായിരുന്നു. എന്നാൽ വീടുതേടിയെത്തിയ താലിബാൻ 12 വയസ് പ്രായമുള്ള കുട്ടികളെയും ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയി. നിസഹായരായി നോക്കി നിൽക്കാനേ മാതാപിതാക്കൾക്ക് സാധിക്കുന്നുള്ളൂ.
താലിബാൻ സംഘത്തിലുള്ളവർക്ക് വീതം വെച്ച് കൊടുക്കാനാണ് സ്ത്രീകളുടെ കണക്കെടുക്കുന്നത്. സംഘത്തിലേക്ക് ആളെയെടുക്കുമ്പോഴുള്ള പ്രധാന വാഗ്ദാനങ്ങളിലൊന്ന് ഇഷ്ടംപോലെ സ്ത്രീകളെ തരാമെന്നതാണ്. പെൺശരീരങ്ങളെ കാട്ടിയാണ് ഇവർ ആളെക്കൂട്ടുന്നത്. അതിനാൽ തന്നെ, പ്രായം പോലും നോക്കാതെയാണ് ഇക്കൂട്ടർ പെൺകുട്ടികളെ പിടിച്ചുകൊണ്ടു പോകുന്നത്. താലിബാനിൽ അംഗമായ ഓരോ പുരുഷനും ഒട്ടേറെ സ്ത്രീകളെ വിവാഹം കഴിക്കാനും ലൈംഗിക അടിമയായി കൂടെ നിർത്താനും അവകാശമുണ്ടെന്നാണ് അവരുടെ വാദം. കൈപ്പിടിയിലൊതുങ്ങുന്ന കുട്ടികളുടെ പ്രായം എത്രയാണെന്ന് പോലും നോക്കാതെ അവരെ ബലാത്സംഗം ചെയ്യുന്നവരും കൂട്ടത്തിലുണ്ട്.
1996–2001 കാലത്തെ താലിബൻ ക്രൂരതകൾ ഇന്നത്തെ യുവതികൾ കേട്ട് വളർന്നതാണ്. അവരുടെ മാതാപിതാക്കൾ അനുഭവിച്ച ദുരവസ്ഥയുടെ തങ്ങളും കടന്നു പോവുകയാണല്ലോ എന്ന യാഥാർഥ്യം തിരിച്ചറിയാൻ പോലും പക്വത വരാത്തവരും കൂട്ടത്തിലുണ്ട്. നിർബന്ധിച്ചു താലിബാൻ സംഘാംഗങ്ങളെ വിവാഹം കഴിപ്പിക്കുന്ന സ്ത്രീകളെ പാക്കിസ്ഥാനിലെ വസീറിസ്ഥാനിലെത്തിച്ച് കർശന മതപഠന ക്ലാസുകൾ നൽകുമെന്നും അങ്ങനെ അവരെ ‘ശുദ്ധീകരിച്ച്’ യഥാർഥ മുസ്‌ലിം സ്ത്രീകളാക്കുമെന്നും കഴിഞ്ഞദിവസം താലിബാൻ പുറത്തിറക്കിയ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.
Post Your Comments