കാബൂൾ: താലിബാൻ കാബൂൾ കീഴടക്കിയ ശേഷം ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. നാല് മക്കളുടെ അമ്മയായ സ്ത്രീയെ മകളുടെ മുന്നിൽവച്ച് തല്ലിക്കൊല്ലുകയും ശേഷം വീട്ടിലേക്ക് ഗ്രനേഡ് അറിയുകയും ചെയ്തു. രാഷ്ട്രീയ എതിരാളികളെ അവരുടെ വീടുകളിൽനിന്ന് പിടിച്ചിറക്കി തൂക്കിക്കൊല്ലുകയാണെന്ന് ബ്രിട്ടീഷ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാർ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരാളുടെ കൈ പുറകിൽ കെട്ടി ദേഹത്ത് ടാർ ഒഴിക്കുന്നതും ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു കൊലപ്പെടുത്തിയതും വിരൽ ചൂണ്ടുന്നത് പഴയ മാരകമായ താലിബാൻ ഭരണത്തിലേക്കാണ്. അശാന്തി നിറഞ്ഞ ആ ഇരുണ്ട നാളുകളിലേക്കുള്ള ഒരു തിരിച്ച് പോക്കിലാണ് അഫ്ഗാൻ ഇപ്പോൾ. ചിത്രങ്ങൾ സഹിതം ബ്രിട്ടിഷ് മാധ്യമമായ ‘ഡെയ്‌ലി മേയിൽ’ താലിബാന്റെ ക്രൂരകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാബൂളിലാണ് കാർ മോഷ്ടാവെന്ന് ആരോപിച്ച് ഒരാളുടെ ദേഹത്ത് ടാർ ഒഴിച്ചത്. താഖർ പ്രവിശ്യയിലെ തലോഖാനിലാണ് ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ താലിബാൻ വെടിവച്ചു കൊലപ്പെടുത്തിയത്. ചോര തളംകെട്ടി കിടക്കുന്ന സ്ത്രീയുടെ മൃതദേഹത്തിനരികെ നിസ്സഹായരായി അവരുടെ മാതാപിതാക്കൾ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. താലിബാനിൽ നിന്നും രക്ഷപെടാനുള്ള ശ്രമം അഫ്ഗാൻ ജനത ഇപ്പോഴും തുടരുകയാണ്.
സൈന്യം ഉപേക്ഷിച്ചു പോയ ഹെലികോപ്റ്ററുകൾ താലിബാൻ തീവ്രവാദികൾ കീഴടക്കിയതിന്റെയും കൊലപാതകങ്ങൾക്ക് ശേഷം കൂട്ടം കൂടി കൈകളിൽ തോക്കേന്തി ഡാൻസ് കളിച്ച് ആടിത്തത്തിമിർക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. താലിബാന്റെ ആക്രമണത്തിൽ അഫ്‌ഗാനിലെ എയർ ഫോഴ്‌സിന്റെ ക്യാപ്റ്റൻ സഫിയ ഫിറോസ് അതിക്രൂരമായി കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
CELEBRATIONS IN KABUL
pic.twitter.com/An1ueupqoB— The_Real_Fly (@The_Real_Fly) August 18, 2021
അഫ്ഗാൻ വ്യോമസേനയുടെ ക്യാപ്റ്റനായിരുന്നു സഫിയ ഫിറോസ്. താലിബാൻ കലാപത്തെ ചെറുക്കുന്നതിൽ അവർ വഹിച്ച പങ്ക് പ്രസിദ്ധമായിരുന്നു. പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച്, അഫ്ഗാൻ വ്യോമസേനയിലെ രാജ്യത്തെ രണ്ടാമത്തെ വനിതാ പൈലറ്റായിരുന്നു സഫിയ. താലിബാൻ ആംഗങ്ങൾ കല്ലെറിഞ്ഞാണ് സഫിയയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Post Your Comments