കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണ് എക്സൈസിന്‍റെയും കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന്‍റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. രണ്ട് സ്ത്രീകൾ ഉൾപ്പടെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരിൽ നിന്ന് മുന്തിയ ഇനം ലഹരിമരുന്നുകളായ എംഡിഎംഎ, എൽഎസ്‍ഡി, ലഹരിഗുളികകൾ എന്നിവ പിടികൂടിയിട്ടുണ്ട്. വിപണിയിൽ ഈ മരുന്നുകൾക്കെല്ലാം ചേർത്ത് ഒരു കോടി രൂപ വില വരുമെന്നാണ് എക്സൈസ് അറിയിക്കുന്നത്.
കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷംന, കാസർകോട് സ്വദേശികളായ അജു എന്ന അജ്മൽ, മുഹമ്മദ് ഫൈസൽ, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്സൽ, തൈബ എന്നിവരാണ് പിടിയിലായത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ ലഹരിമരുന്ന് അതിർത്തി വഴി കടത്തിയിരുന്നത്. ചെന്നൈയിൽ നിന്നാണ് ലഹരിമരുന്ന് ഇവർ കൊണ്ടുവന്നിരുന്നത്. ചെന്നൈയിൽ നിന്ന് ആഢംബര കാറുകളിൽ കുടുംബസമേതമെന്ന രീതിയിലാണ് ഇവർ വന്നിരുന്നത്.
സ്ത്രീകളാണ് പലപ്പോഴും ക്യാരിയർമാരായി പ്രവർത്തിക്കുക. വിദേശ ഇനത്തിൽ പെട്ട നായ്ക്കളെ കൊണ്ടുവരുന്നുവെന്നും പലപ്പോഴും ചെക്പോസ്റ്റുകളിൽ ഇവർ പറയും. ഇങ്ങനെ ചെക്പോസ്റ്റുകളിലെല്ലാം വ്യാപകമായി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഒരു കോടി രൂപയുടെ ലഹരിമരുന്ന് ഇവർ കടത്തിക്കൊണ്ടുവന്നത്.
ഇതിന് മുമ്പും ഇവർ ഇത്തരത്തിൽ ലഹരി കടത്തിയിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡും കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റും അറിയിച്ചു. കാക്കനാട് ഉള്ള ഫ്ലാറ്റിൽ നിന്ന് പ്രതികളെ പിടികൂടുമ്പോൾ ഇവരുടെ കയ്യിൽ 90 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. ഒരു ഐ-20 കാർ വഴിയാണ് ഇവർ ലഹരി കടത്തിയിരുന്നത്. മൂന്ന് വിദേശ ഇനം നായ്ക്കളെയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments