ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ആരംഭിച്ചതോടെ ഇന്ത്യയും ജാഗ്രതയിലാണ്. ശക്തമായ സുരക്ഷയാണ് അതിർത്തികളിൽ തയ്യാറാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ജമ്മു കശ്മീരിലെ തീവ്രവാദികളെ ശക്തിപ്പെടുത്തുമെന്ന് ജമ്മു & കശ്മീർ മുൻ ഡിജിപി എസ്പി വൈദ് വ്യക്തമാക്കുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ താലിബാനോട് തങ്ങളുടെ ചില ഭീകരരെ ജമ്മു കശ്മീരിലേക്ക് തിരിച്ചുവിടാൻ പാകിസ്താനിലെ ഐഎസ്ഐ ആവശ്യപ്പെട്ടേക്കുമെന്നും അദ്ദേഹം ഇന്ത്യ ടുഡേയുമായുള്ള പ്രത്യേക സംഭാഷണത്തിൽ പറഞ്ഞു.
‘അന്താരാഷ്ട്ര നിരീക്ഷണം ഒഴിവാക്കാൻ പാകിസ്ഥാൻ ഇനി ജെയ്ഷ്, ലഷ്കർ എന്നിവരുടെ ഭീകര പരിശീലന ക്യാമ്പുകൾ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റും. ഇന്ത്യാ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകൾക്ക് അഫ്ഗാനിസ്ഥാനിൽ സുരക്ഷിത താവളം ലഭിക്കും. ഇന്ത്യാ വിരുദ്ധരുടെ വിശുദ്ധ സ്വർഗ്ഗമായി അഫ്ഗാൻ മാറും’, മുൻ പോലീസ് മേധാവി പറഞ്ഞു.
Also Read:താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ അവകാശങ്ങൾക്കായി തെരുവിലിറങ്ങി സ്ത്രീകൾ : വീഡിയോ വൈറൽ
‘നമ്മൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൈന, പാകിസ്താൻ, താലിബാൻ എന്നിവരുടെ സഖ്യത്തെ നമുക്ക് കൈകാര്യം ചെയ്യേണ്ടി വന്നേക്കാം. ഈ മൂവർ സംഘം ഇന്ത്യക്ക് വെല്ലുവിളിയാണ്. അടിമത്തത്തിന്റെ ചങ്ങലകൾ തകർത്തു എന്ന് പറഞ്ഞുകൊണ്ടാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, അഫ്ഗാൻ കീഴടക്കിയ താലിബാനെ അംഗീകരിച്ചത്. ഇത് ഗൗരവമായി തന്നെ ഇന്ത്യ കാണണം’, വൈദ് വ്യക്തമാക്കി.
താലിബാൻ അഫ്‌ഗാനിസ്ഥാൻ കീഴടക്കിയതോടെ ലോകമെമ്പാടും പരിഭ്രാന്തി പടർന്നു. അഫ്ഗാനിസ്ഥാനിലെ പരിഭ്രാന്തിയുടെ ഇരുണ്ട നാളുകൾ വീണ്ടും തിരിച്ചെത്തുമെന്ന് ആളുകൾ ഭയപ്പെടുന്നു. ആശങ്കകൾ നിലനിൽക്കുമ്പോഴും വികസനത്തെക്കുറിച്ചും ജനങ്ങളുടെ ഭരണത്തെക്കുറിച്ചുമാണ് താലിബാൻ നിരന്തരം സംസാരിക്കുന്നത്. താലിബാൻ-പാക്-ചൈന ബന്ധം പരസ്യമാക്കിയതോടെ ഇന്ത്യയും അതീവ ജാഗ്രതയിലാണ്. കാണ്ഡഹാർ ഹൈജാക്ക് പോലുള്ള സംഭവങ്ങളിൽ പാകിസ്താൻ ഭീകരരെ താലിബാൻ സഹായിച്ചിരുന്നു. താലിബാനിൽ പാകിസ്താൻ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്ത്യയും ജാഗ്രത പുലർത്തുന്നുണ്ടെന്നും പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് താലിബാനെ സ്വാധീനിക്കാൻ ശ്രമിക്കാമെന്നും എന്നാൽ അധികാരത്തിൽ വന്നാൽ അത് വളരെ ബുദ്ധിമുട്ടായി മാറുമെന്നും വൃത്തങ്ങൾ പറയുന്നു.
Post Your Comments