തിരുവനന്തപുരം: സി പി എമ്മിനെ രൂക്ഷമായി വിമർശിച്ച് നൂർബീന റഷീദ്. എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ് ഉൾപെടെയുള്ളവരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ കുറിച്ച് പരാതി നൽകിയ ‘ഹരിത’ക്കെതിരെ നടപടിയെടുത്ത സംഭവത്തെ തുടർന്നുണ്ടായ യോഗത്തിന് മുൻപാണ് സി പി എമ്മിനെതിരെ വിമർശനങ്ങളുമായി നൂർബീന റഷീദ് രംഗത്തു വന്നത്.
മുഖ്യമന്ത്രി സ്ഥാനം നൽകേണ്ട സുശീല ഗോപാലനെ വെട്ടി മത്സരത്തിൽ പോലുമില്ലാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയ സി പി എമ്മിന് ലീഗിലെ പ്രശ്നങ്ങളെക്കുറിച്ച് പറയാൻ കഴിയുന്നത് എങ്ങനെയാണെന്നാണ് നൂർബീന റഷീദ് മാധ്യമങ്ങളോട് പറഞ്ഞത്. വലിയതോതിൽ പുരോഗമനം പറയുന്ന പാർട്ടികൾക്ക് അകത്തു പോലും പുരുഷാധിപത്യം ഉണ്ടെന്ന് ഇവർ വിമർശിച്ചു.
ശൈലജ ടീച്ചറെ വെട്ടിയതും സമാന പ്രശ്നങ്ങൾ നിലനിൽക്കുന്നത് കൊണ്ടാണ്. ആരോടും ഒന്നും ഒളിച്ചു വയ്ക്കേണ്ടതില്ല, എന്റെ രാഷ്ട്രീയ ജീവിതം സേവനം മാത്രമാണ്. അതിൽ സ്വാർത്ഥ ലാഭങ്ങൾ ഇല്ലെന്നും നൂർബീന റഷീദ് കൂട്ടിച്ചേർത്തു.
Post Your Comments