പെണ്ണുക്കര: ആലപ്പുഴയിലെ മനോഹരമായ ഗ്രാമമാണ് പെണ്ണുക്കര. പെണ്ണുക്കരയുടെ പേരിൽ പുതിയ വസ്ത്ര ബ്രാൻഡ് പുറത്തിറങ്ങി. ഗ്രാമത്തിലെ തന്നെ സ്ത്രീകളുടെ നേതൃത്വത്തിലാണ് ‘പെണ്ണാട’ എന്ന് പേരിട്ടിരിക്കുന്ന വസ്ത്ര ബ്രാൻഡ് രൂപം കൊണ്ടത്. നടി ബിന്ദു പണിക്കർ പെണ്ണാടയുടെ ആദ്യ വസ്ത്രം പുറത്തിറക്കി. പെണ്ണാടയുടെ ആദ്യ വിൽപ്പന നടത്തിയതായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി വ്യക്തമാക്കി.
സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
എന്റെ ഗ്രാമമായ പെണ്ണുക്കരയുടെ പേരിൽ ഒരു വസ്ത്ര ബ്രാൻഡ് പുറത്തിറങ്ങി. പെണ്ണുക്കരയുടെ സ്വന്തം വസ്ത്ര ബ്രാൻഡ് ‘പെണ്ണാട.’ പെണ്ണുക്കരയുടെ ആട, പെണ്ണിന്റെ ആട എന്നൊക്കെയാണ് പെണ്ണാടയുടെ അർത്ഥം. ഞങ്ങളുടെ നാട്ടിലെ അമ്മമാരുടെ സംരഭമായ സ്വയംപ്രഭാ സ്വയംസഹായ സംഘമാണ് നിർമ്മാതാക്കൾ. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി സ്വയം പര്യാപ്‌തരായി പെണ്ണുക്കരയെ ഒരു വസ്ത്ര ഗ്രാമമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ 1 മാസത്തെ എന്റെ പ്രയത്നവും ഏറെക്കാലത്തെ സ്വപ്നവുമാണ് ഇന്ന് സഫലമായത്. ആദ്യ ഘട്ടം എന്ന നിലയിൽ 15 വയസ്സിൽ താഴെ ഉള്ള പെൺകുട്ടികൾക്കുള്ള പട്ടു പാവാടയും ബ്ലൗസുമാണ് പുറത്തിറക്കുക. പ്രശസ്ത ചലച്ചിത്ര താരം ശ്രീമതി ബിന്ദു പണിക്കർ പെണ്ണാട പുറത്തിറക്കി ആദ്യ വിൽപ്പന നടത്തി.
ഒപ്പം ആലാ പഞ്ചായത്തിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ആലാ മേള എന്ന പേരിലും സംഘടിപ്പിച്ചു. ആലാ മേളയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ആർ മുരളീധരൻ പിള്ള നിർവഹിച്ചു. കട്ടയ്ക്ക് കൂടെ നിൽക്കുന്ന ശ്രീ പി ബി അഭിലാഷ്, ടി ജി രാജേഷ്, സി എം രതീഷ്, എ കെ ഗിരീഷ്, ജി ശ്രീകുമാർ, ഹരികൃഷ്ണ ഭാരതി, ഗിരീഷ് ചന്ദ്രൻ തുടങ്ങിയവരുടെ സഹകരണമാണ് ഇത് സാധ്യമാക്കിയത്. പെണ്ണാടയെ പറ്റി കൂടുതൽ അറിയാൻ, ഓർഡർ നൽകാൻ ബന്ധപ്പെടുക.
Post Your Comments