ന്യൂഡൽഹി: രാജ്യത്തെ ഇതുവരെയുള്ള പ്രധാനമന്ത്രിമാരിൽ ഏറ്റവുംമികച്ചത് നരേന്ദ്രമോദിയാണെന്നാണ് 27 ശതമാനം പേർ കരുതുന്നത്. 19 ശതമാനം വോട്ടോടെ വാജ്പേയിക്കാണ് രണ്ടാം സ്ഥാനം. ജവാഹർലാൽ നെഹ്രുവിനെ എട്ടു ശതമാനം പേരും രാജീവ് ഗാന്ധിയെ ഏഴു ശതമാനം പേരും മൻമോഹൻ സിങ്ങിനെ 11 ശതമാനം പേരും ഇന്ദിരാഗാന്ധിയെ 14 ശതമാനം പേരും മികച്ചതായി കാണുന്നു.
പ്രതിപക്ഷത്തിന്റെ കാര്യത്തിൽ 17 ശതമാനം പേർ മാത്രമാണ് രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ രക്ഷിക്കാൻ കഴിയുമെന്ന് കരുതുന്നത്. 14 ശതമാനം പേർ മൻമോഹനിലാണ് ഈ വിശ്വാസം അർപ്പിച്ചിരിക്കുന്നത്.‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷൻ’ സർവേയിലാണ് ഇത്തരം റിപ്പോർട്ടുകൾ. 2020 ഓഗസ്റ്റിൽ 66 ശതമാനം പേരും 2021 ജനുവരിയിൽ 38 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയാവാൻ യോഗ്യൻ നരേന്ദ്രമോദിയാണെന്ന് അഭിപ്രായപ്പെട്ടെങ്കിൽ ഈവർഷം ഓഗസ്റ്റിൽ ഇത് 24 ശതമാനമായിരുന്നു.
എന്നാൽ മോദിതന്നെയാണ് ഇപ്പോഴും ജനപ്രീതിയുടെ കാര്യത്തിൽ മുന്നിൽ. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടാമത്. 11 ശതമാനം പേർ അടുത്തതവണ യോഗി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. 10 ശതമാനം പേർ രാഹുൽഗാന്ധിക്കൊപ്പമാണ്. 2020 ഓഗസ്റ്റിൽ മൂന്നുശതമാനമായിരുന്നു. അരവിന്ദ് കെജ്രിവാളിനെയും മമതാ ബാനർജിയെയും എട്ടുശതമാനം പേർ വീതവും പിന്തുണയ്ക്കുന്നു. അമിത് ഷായ്ക്കു ഏഴുശതമാനവും സോണിയയ്ക്കും പ്രിയങ്കയ്ക്കും നാലുശതമാനവും പിന്തുണയാണ് ഉള്ളത്.
രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന മുഖ്യമന്ത്രിമാരിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് സർവേ പറയുന്നു. 19 ശതമാനം പേർ യോഗിക്കൊപ്പമാണ്.അരവിന്ദ് കെജ്രിവാൾ (14 ശതമാനം), മമതാ ബാനർജി (11 ശതമാനം), വൈ.എസ്. രാജശേഖര റെഡ്ഡി (ആറു ശതമാനം), നിതീഷ് കുമാർ, ഉദ്ദവ് താക്കറെ, നവീൻ പട്നായിക് (അഞ്ചു ശതമാനം) എന്നിങ്ങനെയാണ് വോട്ടുകൾ.
Post Your Comments