ദുബായ്: ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 24ന് ദുബായിൽ വെച്ചാണ് ക്ലാസിക് പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യൻ സമയം വൈകീട്ട് ആറു മണിക്കാണ് മത്സരം. ഇന്ത്യയുടെ രണ്ടാം മത്സരം കരുത്തരായ ന്യൂസിലന്റിനെതിരെയാണ്.
ഒക്ടോബർ 31നാണ് കിവീസുമായുള്ള ഇന്ത്യയുടെ മത്സരം. ഈ മത്സരത്തിനും ദുബായ് തന്നെയാണ് വേദിയാകുന്നത്. നവംബറിന് മൂന്നിന് അഫ്ഗാനിസ്താനുമായി ഏറ്റുമുട്ടുന്ന ഇന്ത്യ നവംബർ അഞ്ചിന് യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമിനെ നേരിടും. നവംബറിന് എട്ടിന് യോഗ്യത റൗണ്ട് ജയിച്ചെത്തുന്ന മറ്റൊരു ടീമുമായിട്ടാണ് സൂപ്പർ 12ൽ ഇന്ത്യയുടെ അവസാനത്തെ മത്സരം.
Read Also:- കളി അവസാനിച്ചിട്ടില്ല, പരമ്പരയിൽ ഇനിയും കളി ബാക്കിയുണ്ടെന്ന് ഓർക്കണം: ജോ റൂട്ട്
കോവിഡ് പശ്ചാത്തലത്തിൽ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങൾ. ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അന്ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വെസ്റ്റിൻഡീസ് കിരീടം ചൂടിയിരുന്നു.
Post Your Comments