കരുനാഗപ്പള്ളി: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ഓണക്കിറ്റ് വിതരണം അവതാളത്തില്‍. സംസ്ഥാനത്തെ മിക്ക റേഷന്‍ കടകളിലും ഓണക്കിറ്റിന് കടുത്ത ക്ഷാമം നേരിടുകയാണ്. സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് റേഷന്‍ കടകളില്‍ എത്തുന്നവര്‍ വെറും കയ്യോടെ മടങ്ങേണ്ട അവസ്ഥയിലാണ്. കരുനാഗപ്പള്ളി താലൂക്കിലെ 65 ശതമാനം പേർക്കും ഓണക്കിറ്റ് ഇതുവരെയായിട്ടും കിട്ടിയില്ല. സംസ്ഥാനത്തെ ഒട്ടുമിക്ക റേഷൻ കടകളിലും ഇതുതന്നെയാണ് അവസ്ഥ. കിറ്റ് വിതരണം ഒച്ചിന്റെ വേഗതയിൽ ഇഴഞ്ഞു നീങ്ങുകയാണെന്ന് ജനം.
കിറ്റിൽ നിറയ്ക്കേണ്ട പല സാധനങ്ങളും സിവിൽ സപ്ലൈസ് പായ്ക്കിങ്ങ് കേന്ദ്രത്തിൽ എത്താത്തതാണ് കിറ്റ് നിറയ്ക്കുന്നതിനുള്ള കാലതാമസമായി പറയുന്നത്. 500 കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻ കടയിൽ ഇത് വരെ എത്തിച്ചത് 150 കിറ്റാണ്. ആഗസ്റ്റ് 16 വരെയാണ് കിറ്റ് വിതരണമെന്ന് റേഷൻ കടയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുള്ള സർക്കാർ പോസ്റ്ററിൽ ഉള്ളത്. 16 കഴിഞ്ഞിട്ടും കിറ്റ് വരുന്നില്ല. ഇതോടെ, ഓണം കഴിഞ്ഞാലെങ്കിലും കിറ്റ് കിട്ടുമോയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
കിറ്റ് തിരക്കി നിരവധി തവണയാണ് ഓരോരുത്തരും റേഷൻ കടയിലെത്തുന്നത്. കടയിൽ എത്തി മടുത്തവർ ഫോണിലൂടെയായി അന്വേഷണം. രണ്ട് കൂട്ടർക്കും മറുപടി നൽകി റേഷൻ കടക്കാരും മടുത്തു. ഈ രീതിയിൽ പോയാൽ ഓണം കഴിഞ്ഞാലും ഓണക്കിറ്റ് കാർഡ് ഉടമകൾക്ക് ലഭിക്കാത്ത സ്ഥിതിയാകും. മുന്‍ഗണനാ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കു പോലും പൂര്‍ണമായി വിതരണം ചെയ്യാന്‍ ഇനിയുമായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതുവരെ വെറും 40 ശതമാനം ആളുകള്‍ക്ക് മാത്രമാണ് കിറ്റ് ലഭിച്ചത്.
Post Your Comments