KeralaLatest NewsNews

മതതീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും സമൂഹത്തിൽ നിന്നും അകറ്റി നിർത്താൻ ജനാധിപത്യവാദികൾ തയ്യാറാകണം: കെ സുധാകരൻ

തിരുവനന്തപുരം: അഫ്ഗാൻ വിഷയത്തിൽ പ്രതികരണവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ജനാധിപത്യവും മാനവികതയും വീണ്ടും പരാജയപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ പരാജയം ശാശ്വതമല്ലെന്നും, ഇരുളിന്റെ മറനീക്കി ജനാധിപത്യ വിശുദ്ധിയുടെ പുതിയ സൂര്യൻ ആ ജനതക്ക് മുകളിൽ വീണ്ടും പ്രകാശിക്കുന്ന ഒരു നാൾ വരുമെന്നുമുള്ള കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറയുന്നു.

Read Also: കേട്ടാൽ അറയ്ക്കുന്ന രീതിയിലുള്ള കമന്റുകൾ പ്രബുദ്ധ മലയാളികൾ വാരിവിതറിയിട്ടുണ്ട്: സദാചാരപോലീസിംഗിനെക്കുറിച്ചൊരു കുറിപ്പ്

‘ജനാഭിലാഷം ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ കഴിയുന്ന ഫീനിക്‌സ് പക്ഷിയാണ് എന്നതിന് ലോക ചരിത്രം സാക്ഷിയാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യാവകാശങ്ങൾ കാറ്റിൽ പറത്തി ഭരണം പിടിക്കാൻ താലിബാനെപോലൊരു തീവ്രവാദസംഘടനക്ക് കഴിയും എന്നത് നടുക്കത്തോടെയല്ലാതെ നോക്കിയിരിക്കാനാവില്ല. ജനാധിപത്യ വാദികൾ ആയ മനുഷ്യരെ മുഴുവൻ താലിബാൻ എന്ന തീവ്രവാദികൾ നിശ്ശബ്ദരാക്കിയ വാർത്തകൾ ആണ് അഫ്ഗാൻ നമുക്ക് നൽകുന്നത്. സാമ്രാജ്യത്വ ശക്തികൾ പതിറ്റാണ്ടുകൾ ആയി നടത്തിയ അധിനിവേശമാണ് അഫ്ഗാനിലെ താലിബാൻ തീവ്രവാദികൾക്ക് വളം ആയി മാറിയതെന്ന്’ അദ്ദേഹം വ്യക്തമാക്കി.

‘മതത്തെയും സ്റ്റേറ്റിനെയും വേർതിരിച്ച ഏറ്റവും ഉദാത്തമായ ജനാധിപത്യ ബോധത്തിൽ നിന്നുമുള്ള തിരിഞ്ഞു നടത്തമാണ് താലിബാന്റെ മത രാഷ്ട്ര വാദം. ഏതൊരു മത രാഷ്ട്ര വാദത്തിന്റെയും ഇരകൾ സാധാരണ മനുഷ്യർ ആയിരിക്കും. മതരാഷ്ട്രം അതിന്റെ സർവ്വഭീകരതയോടും കൂടി പത്തിവിരിച്ചാടുമ്പോൾ ഒരു സമൂഹത്തിന് എന്ത് സംഭവിക്കും എന്നതിനുള്ള നേർ തെളിവുകളാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് വരുന്ന ഭീതിദമായ ചിത്രങ്ങൾ. പരസ്പരവിദ്വേഷം വിതച്ചു കൊണ്ടുള്ള എല്ലാതരം വർഗ്ഗീയ രാഷ്ട്രീയവും ചെന്നെത്തി നിൽക്കുന്നത് എവിടെയാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ പതനം മാത്രമല്ല, അവരുടെ സുനിശ്ചിതമായ തിരിച്ചു വരവ് കൂടി കാണാൻ നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്ന്’ അദ്ദേഹം വിശദമാക്കി.

Read Also: ഇനിയുള്ള ഓരോ സിനിമയില്‍ നിന്നും രണ്ടു ലക്ഷം രൂപ മിമിക്രിക്കാരുടെ സംഘടനയ്ക്ക്: പ്രഖ്യാപനവുമായി സുരേഷ് ഗോപി

‘ഉള്ളു പൊള്ളിക്കുന്ന കാഴ്ചകളാണ് അഫ്ഗാനിൽ നിന്നു വരുന്നത്. മത തീവ്രവാദികളുടെ ഭരണത്തിൽ പെൺകുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് ആലോചിക്കുമ്പോൾ ഏതൊരു മനുഷ്യസ്‌നേഹിയുടെയും ഹൃദയം നുറുങ്ങും.അവരുടെ സുരക്ഷയ്ക്കായെങ്കിലും ലോകം ഒരുമിക്കുമെന്നും താലിബാൻ തീവ്രവാദികൾ എന്നെന്നേയ്ക്കുമായി തുരത്തപ്പെടുമെന്നും നമുക്ക് പ്രതീക്ഷിക്കാം. ഏകാധിപത്യശക്തികൾ ഈ തീവ്രവാദികൾക്ക് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നു. ഈ മതതീവ്രവാദികൾക്കൊപ്പം തന്നെ അവരെ പിന്തുണയ്ക്കുന്നവരുടെ ആശയങ്ങളെയും മനുഷ്യസമൂഹത്തിൽ നിന്ന് അകറ്റി നിർത്താൻ ജനാധിപത്യവാദികൾ തയ്യാറാകണം. അഫ്ഗാനിസ്ഥാനിലെ സാധാരണ മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ മത-വർഗ്ഗീയ-ഭീകര ശക്തികളെ ഭാരതത്തിന്റെ മണ്ണിൽ നിന്നും തുടച്ചു നീക്കുവാനുള്ള പോരാട്ടം നമുക്ക് തുടങ്ങി വെയ്ക്കാമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

https://www.facebook.com/ksudhakaraninc/posts/4275350095880550

shortlink

Related Articles

Post Your Comments

Related Articles


Back to top button