കാബൂള്‍: അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയ താലിബാനെ പ്രശംസിച്ച് റഷ്യ. താലിബാന് നിലപാട് മികച്ചതാണെന്നും പിടിച്ചടക്കിയ ആദ്യ 24 മണിക്കൂറില്‍ കാബൂളിനെ മുന്‍ ഭരണാധികാരികളെക്കാള്‍ സുരക്ഷിതമാക്കിയെന്നും അഫ്ഗാനിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്ര ഷിര്‍നോവ് പറഞ്ഞു. സാഹചര്യം സമാധാനപൂര്ണമാണെന്നും നഗരത്തില്‍ എല്ലാം ശാന്തമായിട്ടുണ്ടെന്നും അഷ്റഫ് ഗനിക്കു കീഴിലേതിനെക്കാള് താലിബാന് കീഴില്‍ അഫ്ഗാൻ മെച്ചപ്പെട്ടതാണെന്നും ഷിര്‍നോവ് വ്യക്തമാക്കി.
അഷ്റഫ് ഗനി ഭരണകൂടം ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്നുവീണതെന്നും ഷിര്‍നോവ് കൂട്ടിച്ചേര്‍ത്തു. താലിബാൻ ആക്രമണത്തിനിടെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതിനെ പരിഹസിച്ച് റഷ്യന്‍ എംബസി രംഗത്ത് വന്നിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പിന്മാറിയതോടെ പുതിയ ഭരണകൂടവുമായി റഷ്യ കൂടുതല്‍ അടുപ്പത്തിനൊരുങ്ങുന്നുവെന്ന സൂചനയാണ് പുതിയ പ്രസ്താവന നല്‍കുന്നത്.
Post Your Comments