KeralaLatest NewsNews

വിഘടനവാദത്തിന്റെ കുത്തിത്തിരുപ്പുമായി ഡോ. ആസാദ്: ബോധം വന്നപ്പോൾ മണിക്കൂറുകൾക്കകം പോസ്റ്റ് മുക്കി

ലോകത്ത് പൊതുഭാഷയും സംസ്കാരവും പാരമ്പര്യവുമുള്ള എത്രയോ സഹോദര രാഷ്ട്രങ്ങളുണ്ട്

വിഘടനവാദത്തിന്റെ കുത്തിത്തിരുപ്പുമായി ഡോ. ആസാദ്.  സംസ്ഥാനങ്ങള്‍ ദേശരാഷ്ട്ര പദവിയിലേയ്ക്ക് മാറുന്നതിനുള്ള സാധ്യതകളെക്കുറിച്ചാണ് സമൂഹമാധ്യമത്തിലെ പോസ്റ്റ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ കടന്നു കയറ്റത്തില്‍ കണ്ണീരും തീയും പൊഴിക്കുന്നവർ ഇന്ത്യയിലും മതാധികാര ശക്തിയാണ് ഭരിക്കുന്നതെന്നു ഓർക്കണമെന്ന് ആസാദ് അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ഫെഡറല്‍ സ്റ്റേറ്റുകള്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ നാഷണല്‍ സ്റ്റേറ്റായി മാറാമെന്നു ആസാദ് സമൂഹ മാധ്യമത്തിൽ കുറിച്ചു. മണിക്കൂറുകൾ പിന്നിട്ടപ്പോൾ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ് ആസാദ്

കുറിപ്പ് പൂർണ്ണ രൂപം

ഫെഡറല്‍ സ്റ്റേറ്റുകള്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ നാഷണല്‍ സ്റ്റേറ്റായി മാറാം. അത് ചരിത്രപരമായ അനിവാര്യതയാണ്. ഇന്ത്യന്‍ യൂണിയനിലെ തെക്കന്‍ സ്റ്റേറ്റുകള്‍ക്ക് ഈ സാദ്ധ്യതയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സമയമായെന്നു തോന്നുന്നു. കേരളത്തിനും തമിഴ്നാടിനുമൊക്കെ രാഷ്ട്ര പദവി കാത്തിരിക്കുന്നു. ഈ നൂറ്റാണ്ടില്‍തന്നെ അതു നാം കണ്ടേയ്ക്കും.

read also: അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ഉന്നതതല യോഗം ചേർന്നു

വാസ്തവത്തില്‍ ഇന്ത്യ എന്ന പൊതു അനുഭവവും വികാരവും എത്ര ശക്തമോ ദുര്‍ബ്ബലമോ ആവട്ടെ, ഇപ്പോഴത്തെ സംസ്ഥാനങ്ങള്‍ ദേശരാഷ്ട്ര പദവിയിലെത്തിയാലും നില നിര്‍ത്താം. ലോകത്ത് പൊതുഭാഷയും സംസ്കാരവും പാരമ്പര്യവുമുള്ള എത്രയോ സഹോദര രാഷ്ട്രങ്ങളുണ്ട്. ഉപദേശീയതകളെയോ ഫെഡറല്‍ സ്റ്റേററുകളെയോ വിഴുങ്ങുന്ന അധികാര കേന്ദ്രീകരണത്തിന് പൊതു ഭാഷയും സംസ്കാരവും പാരമ്പര്യവും എക്കാലത്തും സാധൂകരണമായി നില്‍ക്കില്ല. ലോകം വളരെവേഗം പുരോഗമിക്കുന്നു. പുതിയ ദേശരാഷ്ട്രങ്ങള്‍ എല്ലാ ഭൂഖണ്ഡങ്ങളിലും പിറവിയെടുക്കുന്നു. ആ ചരിത്ര നിര്‍ബന്ധം നമ്മെ സ്പര്‍ശിക്കാതെ പോവില്ല.

ഉടനടി തുടങ്ങേണ്ട വിപ്ലവത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്. അവധാനതയോടെ ആരംഭിക്കേണ്ട രാഷ്ട്രീയ ചര്‍ച്ചകളെപ്പറ്റിയാണ്. വേറിട്ട ഭൂപ്രകൃതിയും ഭാഷയും സംസ്കാരവും വിഭവശേഷിയുമുള്ള കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് എല്ലാ വന്‍കരകളിലുമുള്ള ദേശരാഷ്ട്രങ്ങള്‍ക്കു സമശീര്‍ഷമായി നില്‍ക്കാനുള്ള യോഗ്യതയുണ്ട്. വിനിമയങ്ങള്‍ക്കുള്ള കരുത്തുണ്ട്. മൂന്നരക്കോടി ജനസംഖ്യയുള്ള ഒരു രാഷ്ട്രം അത്ര ചെറുതായിരിക്കില്ല. അത്ര അപ്രധാനമായിരിക്കയുമില്ല.

ഈ കുറിപ്പ് ഇന്ത്യ എന്ന നമ്മുടെ രാജ്യത്തോടു പിണങ്ങിപ്പിരിയാനുള്ള സന്ദേശമോ ആഹ്വാനമോ അല്ല. കാലമെത്തുമ്പോള്‍ പിരിയുന്ന കുടുംബങ്ങള്‍പോലെ ചില അനിവാര്യതകള്‍ ദേശരാഷ്ട്രങ്ങള്‍ക്കും ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ്. ചിലപ്പോള്‍ വേദനയോടെയാണെങ്കിലും ചില വേര്‍പെടലുകള്‍ വേണ്ടിവരും. എല്ലാ ദേശരാഷ്ട്രങ്ങളും രൂപപ്പെടുന്നത് അങ്ങനെയാണ്. (അപ്പോഴും ഒരു കോണ്‍ഫെഡറേഷന്‍ എന്ന നിലയില്‍ ഐക്യം തുടരാവുന്നതുമാണ്) നമ്മെ സംബന്ധിച്ചും അത്തരം മുന്നൊരുക്കങ്ങള്‍ ആലോചനാ ഘട്ടമായിട്ടെങ്കിലും തുടങ്ങിവെക്കുന്നത് നന്നാവും. കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാന്‍ എല്ലാ ജനതയും ആഗ്രഹിക്കുന്നു. അതു തടയുക പ്രയാസമാവും. കേരളത്തെ സംബന്ധിച്ചു വിഭവശേഷിയിലും കാര്യശേഷിയിലും രാഷ്ട്രീയ ബോധത്തിലുമുള്ള തലയെടുപ്പും ഭൂമിശാസ്ത്രപരമായ കിടപ്പും അനുകൂല ഘടകങ്ങളാണ്.

ഈ കുറിപ്പിനെ വിഘടനവാദമായി കാണുന്ന ലളിതവായനകള്‍ ഉണ്ടാവില്ലെന്നു കരുതുന്നു. അങ്ങനെ ഉണ്ടാവരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ശതകോടി ജനങ്ങള്‍ വസിക്കുന്ന വന്‍കിട രാഷ്ട്രങ്ങളുടെ കാലം അസ്തമിക്കും. ചെറുതുകളുടെ രൂപീകരണവും സഖ്യംചേരലുമാവും വരുംകാല രാഷ്ട്രീയം. സമീപ പതിറ്റാണ്ടുകളില്‍ ആ യാഥാര്‍ത്ഥ്യത്തെ നമുക്ക് അഭിമുഖീകരിക്കാതെ സാദ്ധ്യമാവില്ല. അംഗീകരിക്കാതെ വഴിയുണ്ടാവില്ല.
ആസാദ്
൦൧ ചിങ്ങം ൧൧൯൭
————————————–
NB: തെറ്റായ ചര്‍ച്ചകളിലേക്കു വഴുതുകയാണെങ്കില്‍ ഈ പോസ്റ്റ് ഉടന്‍ പിന്‍വലിക്കുന്നതായിരിക്കും. പറഞ്ഞതിന്റെ സത്തയില്‍നിന്ന് ചര്‍ച്ച വഴുതാതിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.

shortlink

Post Your Comments


Back to top button