കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം സ്ഥാപിച്ചതിന്റെ സാഹചര്യത്തില്‍ ജോ ബൈഡന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്യുന്നില്ലേ എന്നായിരുന്നു ട്രംപിന്റെ ചോദ്യം. അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങള്‍ വഷളാക്കിയത് ബൈഡനാണെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍ ട്രംപ് ഭരണകൂടം ചെയ്ത കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ബൈഡന്‍ പറയുന്നു. രണ്ട് ട്രില്യണ്‍ യുഎസ് ഡോളര്‍ ഇവിടെ മുടക്കിയിട്ടുണ്ട് അമേരിക്ക. ഉറപ്പായും തടയാമായിരുന്ന എന്നാല്‍ സംഭവിക്കുമായിരുന്ന ദുരന്തത്തിനാണ് ബൈഡന്‍ അരങ്ങൊരുക്കിയതെന്ന് റിപബ്ലിക്കന്‍ സെനറ്റര്‍ മിറ്റ് മക്കോണല്‍ പറഞ്ഞു.
Read Also : ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനിലേയ്ക്ക് നയിച്ച താലിബാന്റെ ഉദയം ഇങ്ങനെ
‘2020 ഫെബ്രുവരിയില്‍ താലിബാനുമായി യുഎസ് ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് പിന്മാറ്റം. വലിയൊരു അപകടത്തിലേക്കാണ് ബൈഡന്‍ അഫ്ഗാനിസ്ഥാനെ എത്തിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങള്‍ താലിബാന്‍ നിരോധിച്ചതാണ്. അത്തരമൊരു അവസ്ഥയാണ് ഇനി വരാനിരിക്കുന്നത്’- വാഷിംഗ്ടണ്‍ പോസ്റ്റിന്റെ എഡിറ്റോറിയലില്‍ പറയുന്നു. മൂവായിരത്തോളം ട്രൂപ്പുകളെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് നേരത്തെ പിന്‍വലിച്ചത്. ഇത്രയും ട്രൂപ്പുകളെ ഉപയോഗിച്ച് നയതന്ത്രജ്ഞരെയും എംബസി ഉദ്യോഗസ്ഥരെയും യുഎസ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിച്ച് കൊണ്ടിരിക്കുകയാണ്.
അതേസമയം താലിബാന്‍ തലസ്ഥാന നഗരിയായ കാബൂള്‍ വളഞ്ഞിരിക്കുകയാണ്. ഇക്കാര്യം സര്‍ക്കാരും സ്ഥിരീകരിച്ചു. ജനസാന്ദ്രമായ നഗരത്തെ ആക്രമിക്കാന്‍ താല്‍പര്യമില്ലെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്. സൈന്യത്തോടും ആ തീരുമാനത്തിനൊപ്പം നില്‍ക്കാനും, ഏറ്റുമുട്ടല്‍ ഒഴിവാക്കി ഭരണം നല്‍കാനുമാണ് ആവശ്യം. സര്‍ക്കാരുമായി താലിബാന്‍ ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ആരും രാജ്യം വിട്ട് പലായനം ചെയ്യേണ്ടതില്ലെന്ന് താലിബാന്‍ പറഞ്ഞു.
Post Your Comments