ചങ്ങനാശേരി: ലൈംഗികത്തൊഴിലാളി എന്ന നിലയിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. വീട്ടമ്മയുടെ നമ്പർ പ്രചരിപ്പിച്ചത് സാമൂഹിക വിരുദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സാങ്കേതിക സൗകര്യങ്ങൾ മറ്റുള്ളവരെ അവഹേളിക്കാനായി ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ സ്വൈര്യ ജീവിതം നശിപ്പിക്കുന്ന പ്രവർത്തനം അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയായ ജെസി ദേവസ്യയുടെ ഫോൺ നമ്പരാണ് സാമൂഹിക വിരുദ്ധർ പൊതുസ്ഥലങ്ങളിലും പൊതു ശുചിമുറികളിലും എഴുതിവച്ചത്. സൈബർ സെല്ലിൽ ഉൾപ്പെടെ ജെസി പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതേതുടർന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണം വന്ന് മിനിറ്റുകൾക്കകം ചങ്ങനാശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
അന്വേഷണത്തിൽ 44 പേർ ജെസിയെ വിളിച്ചതായി പോലീസ് കണ്ടെത്തി. 24 ഫോൺ നമ്പറുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും അതിൽ 20 പേരെ പോലീസ് വിളിച്ചുവെന്നും ഡിവൈഎസ്പി ആർ.ശ്രീകുമാർ അറിയിച്ചു. പലർക്കും സംഭവം ഓർമയില്ലെന്നാണ് പൊലീസിനോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ കുറ്റക്കാരെ കണ്ടുപിടിക്കുകയും വേണ്ട നടപടികൾ ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ വ്യക്തമാക്കി.
Post Your Comments