KeralaLatest NewsNews

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഏകീകൃത ഫീസ് ഘടന വേണം: ഉത്തരവ് പുറപ്പെടുവിച്ച് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഏകീകൃത ഫീസ് ഘടന ഉണ്ടാകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഫീസ് കുടിശിക വരുത്തിയതിന്റെ പേരില്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും പുറത്താക്കരുതെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

Also Read: ക്ലബ്ബ് ഹൗസ്: കുട്ടികൾക്കെതിരായ മോശം പരാമർശത്തിന് പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് നിലവില്‍ ഏകീകൃത ഫീസ് ഘടനയില്ല. ഓരോ സ്‌കൂളും വ്യത്യസ്തമായ തരത്തിലാണ് ഫീസ് ഈടാക്കുന്നത്. കോവിഡിന്റ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്ന കാലത്തും ട്യൂഷന്‍ ഫീസിന് പുറമെ സ്‌പെഷ്യല്‍ ഫീ, മെയിന്റനന്‍സ് ഫീ, ബസ് ഫീ തുടങ്ങി വിവിധ ഇനങ്ങളില്‍ വന്‍ തുകകള്‍ സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഈടാക്കുന്നതായും ഫീസ് കുടിശിക വരുത്തുന്ന കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും പുറത്താക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ലഭിച്ച 56 പരാതികള്‍ തീര്‍പ്പാക്കിയാണ് കമ്മീഷന്‍ ഉത്തരവ്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം, ഫീസ് ഘടന, സിലബസ്, പാഠപുസ്തകങ്ങള്‍, രക്ഷാകര്‍തൃ സമിതികള്‍, കുട്ടികളുടെ ജനാധിപത്യ വേദികള്‍, അധ്യാപകരുടെ നിയമനം, വേതനം തുടങ്ങിയവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമ നിര്‍മ്മാണം നടത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷന്റെ ഉത്തരവിന്‍മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button