
ന്യൂഡൽഹി: ഇതുവരെ വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് ബാധയുണ്ടായത് 0.048 ശതമാനത്തിന് മാത്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ നൽകിയ 53.14 കോടി വാക്സിൻ ഡോസുകളിൽ ഏകദേശം 2.6 ലക്ഷം ആളുകൾ മാത്രമാണ് രോഗബാധിതരായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വാക്‌സിനേഷന് ശേഷം രോഗബാധയുണ്ടായവരിൽ 1.72 ലക്ഷം(1,71,511) പേർ ഒരു ഡോസ് മാത്രം വാക്സിൻ സ്വീകരിച്ചവരാണ്. രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച ശേഷമുള്ള വൈറസ് ബാധ 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധയുണ്ടായ 87,049 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും കണക്കുകൾ വിശദമാക്കുന്നു.
ഇന്ത്യയിൽ നിലവിൽ നൽകി വരുന്ന മൂന്ന് കോവിഡ് വാക്സിനുകളായ കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിവ ‘ബ്രേക്ക്ത്രൂ അണുബാധകളിൽ’ നിന്ന് ഒരേപോലയുള്ള പരിരക്ഷ നൽകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വാക്സിനെയും അതിജീവിച്ച ബ്രേക്ക് ത്രൂ അണുബാധ കുറവാണെങ്കിലും ഇന്ത്യയിലും വിദേശത്തുമായി കണ്ടുവരുന്ന വൈറസിന്റെ കൂടുതൽ ആക്രമണാത്മക വകഭേദങ്ങൾ ആശങ്കാജനകമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
Post Your Comments