തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,35,074 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 4,64,849 പേർക്ക് ഒന്നാം ഡോസ് വാക്സിനും 70,225 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. സംസ്ഥാനത്തെ ഏറ്റവുമധികം പേർക്ക് വാക്സിൻ നൽകിയ ദിനമാണിന്നെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഇതിന് മുമ്പത്തെ ഏറ്റവും ഉയർന്ന പ്രതിദിന വാക്സിനേഷൻ 5.15 ലക്ഷമായിരുന്നു. വാക്സിന്റെ ക്ഷാമം പരിഹരിച്ചതോടെ കൂടുതൽ പേർക്ക് ഒരേസമയം വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുണ്ട്. വാക്സിനേഷൻ യജ്ഞത്തിനായി ഇനിയും കൂടുതൽ വാക്സിൻ ആവശ്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
60 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കും 18 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്സിൻ നൽകാനാണ് വാക്സിനേഷൻ യജ്ഞത്തിലൂടെ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 1.2 ലക്ഷം മുതിർന്ന പൗരൻമാർക്കാണ് വാക്സിൻ നൽകിയത്. വാക്സിനേഷൻ യജ്ഞം ആരംഭിച്ച ശേഷം ഈ വിഭാഗത്തിലുള്ള 5.04 ലക്ഷത്തോളം പേർക്കാണ് ആദ്യ ഡോസ് വാക്സിൻ നൽകിയതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് 4,02,400 ഡോസ് വാക്സിൻ കൂടി ഇന്ന് ലഭ്യമായിട്ടുണ്ട്. 3,02,400 ഡോസ് കോവിഷീൽഡ് വാക്സിനും ഒരു ലക്ഷം ഡോസ് കോവാക്സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,02,390, എറണാകുളം 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്സിനും തിരുവനന്തപുരത്ത് ഒരു ലക്ഷം ഡോസ് കോവാക്സിനുമാണ് ലഭ്യമായതെന്ന് വീണാ ജോർജ് വിശദമാക്കി.
1,465 സർക്കാർ കേന്ദ്രങ്ങളിലും 339 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1804 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,33,88,216 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,68,03,422 പേർക്ക് ഒന്നാം ഡോസ് വാക്സിനും 65,84,794 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 47.87 ശതമാനം പേർക്ക് ഒന്നാം ഡോസും 18.76 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 58.55 ശതമാനം പേർക്ക് ഒന്നാം ഡോസും 22.94 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: വീട്ടമ്മയുടെ സംസ്‌കാര ചടങ്ങ് ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദു ആചാരപ്രകാരം: സംഭവം ആലപ്പുഴയിൽ
Post Your Comments