തിരുവന്തപുരം : സാമൂഹ്യസേവനത്തില്‍ സന്തോഷം കണ്ടെത്തുന്ന സന്തോഷ് പണ്ഡിറ്റിന്റെ ഒരോ ഉദ്യമവും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ആ ബസിലെ കണ്ടക്ടറായ ആലപ്പുഴ സ്വദേശി ഷഫീഖ് ഇബ്രാഹിമായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടി സുബി സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ചിത്രം പങ്കുവെച്ചിരുന്നു. നിരവധി സാമൂഹിക സേവനങ്ങളില്‍ സജീവമായി ഇടപെടുന്ന സന്തോഷ് പണ്ഡിറ്റ് അത്തരമൊരു ആവശ്യത്തിന് വെഞ്ഞാറമൂട്ടിലേക്ക് പോയതെന്നായിരുന്നു ഇബ്രാഹിം വ്യക്തമാക്കിയത്.
Read Also : എടിഎം തകരാറിനെ തുടർന്ന് 9,000 രൂപ നഷ്ടമായി: നഷ്ടപരിഹാരം അടക്കം 36,500 രൂപ തിരികെ നൽകി ബാങ്ക്
എറണാകുളത്ത് നിന്നായിരുന്നു സന്തോഷ് കെഎസ്ആര്‍ടി ബസില്‍ കയറിയത്. മാസ്‌ക് വെച്ചതിനാല്‍ ആരും താരത്തെ തിരിച്ചറിഞ്ഞിരുന്നില്ല. അമ്പലപ്പുഴയില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് സന്തോഷ് ഒരു പരിപാടിക്കുവന്നപ്പോള്‍ ഷഫീഖ് പരിചയപ്പെട്ടിരുന്നു. ടിക്കറ്റെടുക്കാന്‍ പണം നീട്ടിയപ്പോള്‍ ഷഫീഖ് സന്തോഷിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നുള്ള സംസാരത്തിലാണ് വീടില്ലാത്ത കുടുംബത്തിന് സഹായം എത്തിക്കാനാണ് പോകുന്നതെന്ന് സന്തോഷ് വ്യക്തമാക്കിയത്.
വീടോ, കക്കൂസോ പോലുമില്ലാത്ത ആ വീടിന്റെ അവസ്ഥ അറിഞ്ഞാണ് സാധനങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തിയത്. ‘കോഴിക്കോട് നിന്നും തിരുവനന്തപുരം വെഞ്ഞാറമൂട് എത്തി. ഉടുമ്പന്‍ ചോലാ കോളനിയില്‍ ഒരു പാവപെട്ട കുടുംബത്തിന്റെ ആവശ്യ പ്രകാരം ബാത്ത് റൂം ഇല്ലാത്ത ഒരു വീടിനു കുറച്ചു സാധനങ്ങള്‍ വാങ്ങി നല്‍കി ‘ – വീഡിയോ പങ്കുവെച്ച് സന്തോഷ് കുറിച്ചു.
സ്വന്തമായി മൂന്ന് സെന്റ് ഭൂമി ഉണ്ടെങ്കിലും പൊളിഞ്ഞ് വീഴാറായ കെട്ടിടമാണ് കുടുംബത്തിന് ഉള്ളത്. കുടുംബത്തിനുള്ള ആദ്യ സഹായമായി ഇവര്‍ക്ക് കക്കൂസ് വയ്ക്കാനുള്ള സൗകര്യമാണ് സന്തോഷ് നല്‍കിയത്. ഇതിനാവശ്യമായ ക്ലോസറ്റ്, കല്ലുകള്‍, പൈപ്പ് എന്നിങ്ങനെയുള്ള സാധനങ്ങള്‍ അദ്ദേഹം എത്തിച്ച് നല്‍കി. വീട് എന്ന സ്വപ്നം സാധ്യമാക്കുന്നതിനായി തനിക്ക് ഒരുപാട് പരിമിതികള്‍ ഉണ്ടെന്ന് വീടിന്റെ ദയനീയ അവസ്ഥ പങ്കുവെച്ച് കൊണ്ടുള്ള വീഡിയോയില്‍ സന്തോഷ് പറയുന്നു. വര്‍ഷത്തില്‍ ഒരു സിനിമ മാത്രമാണുള്ളത്. ചില യുട്യൂബ് വീഡിയോകളില്‍ നിന്നുള്ള വരുമാനം. അതൊക്കെ വെച്ചുകൊണ്ടാണ് എല്ലാവര്‍ക്കും കഴിയുന്നത് പോലെ സഹായം എത്തിക്കുന്നത്. അതേസമയം എല്ലാ സാഹചര്യത്തിലും ഒപ്പമുണ്ടാകുമെന്ന ഉറപ്പും സന്തോഷ് നല്‍കുന്നുണ്ട്.
അതിനിടെ സന്തോഷിന്റെ ഈ ഉദ്യമത്തെ പുകഴ്ത്തി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ‘ഈ കൊറോണ കാലഘട്ടത്തില്‍ ഇതേ പോലെ അരയും തലയും മുറുക്കി പാവപ്പെട്ടവരെ സഹായിക്കാന്‍ ഇറങ്ങിയ എത്ര മഹാന്മാരുണ്ട് ഇവിടെ. ചാനലുകളില്‍ കയറി ഇദ്ദേഹത്തെ കളിയാക്കിയവര്‍ ഇന്നെവിടെ. ലജ്ജ തോന്നുന്നു’ എന്നായിരുന്നു ഒരാള്‍ കുറിച്ചത്.
വോട്ട് വാങ്ങി അധികാരത്തിലിരിക്കുന്നവര്‍ ഇതൊന്നും കാണാതെ പോകുന്നു. സന്തോഷ് പണ്ഡിറ്റ് നിങ്ങളാണ് യഥാര്‍ത്ഥ ഹീറോയെന്നും ചിലര്‍ കുറിച്ചു.
Post Your Comments