![](/wp-content/uploads/2021/08/pinarayi-2-1.jpg)
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ജുഡീഷ്യല്‍ അന്വേഷണത്തിനു ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.
ഇഡിയ്ക്ക് നേരെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജുഡീഷ്യല്‍ അന്വേഷണത്തിനെതിരായ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കും. ഇതിനുശേഷം കോടതി വിശദമായ വാദം കേള്‍ക്കും.
read also: കൈക്കൂലി പരാതി: മുന്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് സസ്‌പെൻഷൻ
ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നും കമ്മീഷനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇ ഡിയുടെ ഹർജി. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇഡി സൂചിപ്പിക്കുന്നു. കൂടാതെ നയതന്ത്ര ചാനൽ വഴി നടത്തിയ സ്വര്‍ണക്കടത്തിലെ അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്നും മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷനെ നിയോഗിച്ച് ഉത്തരവിറക്കിയതെന്നും ഇ ഡി ആരോപിച്ചിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷനെതിരായ ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതുതള്ളിയാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്.
സ്വർണ്ണകടത്ത് വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നുണ്ടാകുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. നേരത്തേ ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലായിരുന്നു ഇ ഡിക്കെതിരായ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം അന്വേഷിക്കാന്‍ ജസ്റ്റിസ് വി കെ മോഹനനെ ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചിരുന്നു.
Post Your Comments