Latest NewsKerala

സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട്, ഇത്തവണ തട്ടിപ്പ് കണ്ടെത്തിയത് മലപ്പുറം ജില്ലയിൽ

രേഖകളില്‍ കൃത്രിമം കാണിച്ചാണ് മൂന്നു വര്‍ഷം മുന്‍പ് നൂറുകണക്കിനാളുകളുടെ നിക്ഷേപ തുക തട്ടിയെടുത്തത്.

മലപ്പുറം: സംസ്ഥാനത്ത് സഹകരണബാങ്ക് തട്ടിപ്പുകളുടെ ക്രമക്കേടുകള്‍ അനുദിനം പുറത്ത് വരികയാണ്. കരുവന്നൂരിലെ തട്ടിപ്പിന് പുറമെ സാമ്പത്തിക തിരിമറിയുടെ നിരവധി വാർത്തകളാണ് ദിനംപ്രതി പുറത്തു വരുന്നത്. ഇപ്പോൾ ഏറ്റവും പുതിയതായി മലപ്പുറം ജില്ലയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള പറപ്പൂര്‍ റൂറല്‍ സഹകരണ സൊസൈറ്റിയില്‍ നടന്നത് എട്ട് കോടിയുടെ തട്ടിപ്പെന്നാണ് വിവരം. രേഖകളില്‍ കൃത്രിമം കാണിച്ചാണ് മൂന്നു വര്‍ഷം മുന്‍പ് നൂറുകണക്കിനാളുകളുടെ നിക്ഷേപ തുക തട്ടിയെടുത്തത്.

ജീവനക്കാരാണ് പണം തട്ടിയതെന്ന് ഭരണസമിതിയും, ആറ് കോടി ഭരണസമിതിയുടെ കൊള്ളയാണെന്ന് ജീവനക്കാരും പരസ്പരം പഴി ചാരുകയാണ്. ഇതിനിടെ 8 കോടിയുടെ ബാധ്യത അടക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും നോട്ടീസ് നല്‍കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് വിവരം.

അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പിടിയിലായ പ്രതികള്‍ എല്ലാവരും സജീവമായ സി.പി.എം പ്രവര്‍ത്തകര്‍ തന്നെയെന്ന് കണ്ടെത്തി. ഒന്നാം പ്രതി കരുവന്നൂര്‍ ബാങ്ക് സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. രണ്ടാം പ്രതി കരുവന്നൂര്‍ ബാങ്ക് ശാഖയുടെ മുന്‍ മാനേജര്‍ ബിജു കരീമാകട്ടെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. മൂന്നാം പ്രതിയായ സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് സി.പി.എമ്മിന്റെ സജീവമായ പ്രവര്‍ത്തകനുമാണ്.

ഈ കേസില്‍ 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്‍റെ തലപ്പത്തുണ്ടായിരുന്നത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് 13 അംഗഭരണസമിതി പിരിച്ചു വിട്ടിരുന്നു.

ബാങ്കിന്‍റെ സെക്രട്ടറിയായിരുന്ന ടി.ആര്‍. സുനില്‍കുമാറാണ് തട്ടിപ്പിന്റെ മുഖ്യആസൂത്രകനെന്ന് സര്‍ക്കാര്‍ നിയോഗിച്ച പത്തംഗ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 21 വര്‍ഷമാണ് ഇദ്ദേഹം ബാങ്കിന്റെ സെക്രട്ടറിയായിരുന്നത്. ഇക്കാലയളവിലെല്ലാം ഇദ്ദേഹം ബാങ്കിനെ വഞ്ചിച്ചു എന്നാണ് പുറത്തു വരുന്ന വാർത്തകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button