Latest NewsIndiaNews

അടച്ചുപൂട്ടിയിരുന്നിട്ട് കാര്യമില്ല : രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ 14 സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു. പ്രൈമറി തലം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കിലും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകളാണ് സംസ്ഥാനങ്ങള്‍ പരിഗണിക്കുന്നത്.

Read Also : കേരളത്തിന് അധിക ഡോസ് വാക്‌സിൻ നൽകി: കഴിഞ്ഞ മാസം 60 ശതമാനം അധിക ഡോസ് നൽകിയെന്ന് കേന്ദ്രം

രാജ്യത്തുടനീളമുള്ള 50% അധ്യാപകരും കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരാണെന്ന് നീതി അയോഗ് അംഗം വികെ പോള്‍ പറഞ്ഞു. അദ്ധ്യാപകര്‍ക്ക് മുന്‍ഗണന ഇല്ലെങ്കിലും സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ മുഴുവന്‍ അദ്ധ്യാപകരോടും വാക്‌സിന്‍ എടുക്കാന്‍ വിവിധ സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് സംസ്ഥാനങ്ങള്‍ ഓഗസ്റ്റ് പകുതിയോടെ ക്ലാസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നുണ്ടെന്ന് ലോക്സഭയില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ചോദ്യത്തിന് മറുപടിയായി, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിരുന്നു. ജുലൈ പകുതി മുതല്‍ 9 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഹരിയാനയും ജുലൈ 26 ഓടെ 11, 12 ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നാഗാലാന്‍ഡും ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഓഗസ്റ്റ് ആദ്യവാരം ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ലക്ഷദ്വീപും പുതുച്ചേരിയും മാത്രമാണ് മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസുകള്‍ ആരംഭിച്ചത്. ആന്ധ്രാപ്രദേശ് ആഗസ്റ്റ് 16 മുതല്‍ സ്‌കൂളുകള്‍ തുറക്കും. ഉത്തര്‍പ്രദേശ് ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി ഓഗസ്റ്റ് 16 മുതല്‍ ക്ലാസുകള്‍ പുന:രാരംഭിക്കും.

അതേസമയം, സ്‌കൂളുകള്‍ തുറക്കാന്‍ ഒരുങ്ങുന്നതായി നേരത്തേ കേരളവും വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പും വിദഗ്ദ്ധ സമിതിയും ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ സംസ്ഥാനത്ത് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഉടന്‍ ക്‌ളാസ് തുടങ്ങാനാവില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button